പൊതുസ്ഥലത്തെ പുകവലി വർധിക്കുന്നു

കോട്ടയം ∙ പൊലീസിന്റെയും എക്സൈസിന്റെയും പരിശോധന കുറഞ്ഞു; പൊതുസ്ഥലത്തെ പുകവലിയും നിരോധിത പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും നഗരത്തിൽ കൂടി. 2009ൽ പുകയിലരഹിത ജില്ലയായി പ്രഖ്യാപിച്ച കോട്ടയത്ത് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പരിശോധന കാര്യക്ഷമമായിരുന്നുവെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധ പൊലീസും എക്സൈസും കാണിക്കുന്നില്ല.

പദ്ധതിയുടെ ഭാഗമായി നഗരത്തിലെ തിയറ്ററുകൾ, ബാറുകൾ, സ്കൂൾ പരിസരം, ബസ് സ്റ്റാൻഡുകൾ തുടങ്ങിയവ പുകയിലരഹിത സ്ഥലങ്ങളായി പ്രഖ്യാപിച്ചിരുന്നു. ബോധവൽക്കരണ ബോർഡുകളും സ്ഥാപിച്ചു. ബസ് സ്റ്റാൻഡുകളിലും മറ്റും സ്ഥാപിച്ചിരുന്ന ഈ ബോർഡുകൾ എല്ലാംതന്നെ നശിച്ചു. പൊലീസും ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും ജില്ലാ ഭരണകൂടവും സന്നദ്ധസംഘടനകളും സംയുക്തമായിരുന്നു പദ്ധതി നടപ്പാക്കിയിരുന്നത്.

എന്നാൽ ഈ പദ്ധതി പിന്നീട് അവഗണിക്കപ്പെടുകയായിരുന്നു. പരിശോധന നിലച്ചതോടെ പൊതുസ്ഥലത്തെ പുകവലിക്കാരുടെ എണ്ണമാണു നഗരത്തിൽ വർധിച്ചിരിക്കുന്നത്. പൊലീസ് പരേഡ് ഗ്രൗണ്ടിനു സമീപം പുകവലിക്കാരുടെ വലിയ നിര തന്നെ എല്ലാ ദിവസവുമെത്തും. ബസ് സ്റ്റാൻഡുകൾ, തിരുനക്കര മൈതാനം എന്നിവിടങ്ങളിലും പുകവലിക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

സിനിമാ തിയറ്ററുകളുടെ ശുചിമുറി, അങ്കണം എന്നിവിടങ്ങളിൽ പൊലീസ് വല്ലപ്പോഴും നടത്തുന്ന പരിശോധനയിൽ പുകവലിക്കാരെ പിടികൂടാറുണ്ട്. എക്സൈസും പൊതുസ്ഥലത്തെ പുകവലി പരിശോധിക്കുന്നുണ്ടെങ്കിലും പിടിയിലാകുന്നവരുടെ എണ്ണം കുറവാണ്. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവരിൽനിന്ന് 200രൂപയാണ് പിഴ ഈടാക്കുന്നത്.