പൊത്തുവലയില്‍ കുരുങ്ങിയത് കരിമീന്‍

എരുമേലി: ചൂണ്ടകളും വിവിധതരം വലകളും നിര്‍മിച്ച്‌ വിറ്റുകൊണ്ടിരുന്നയാള്‍ താന്‍ നിര്‍മിച്ച പൊത്തുവല പരീക്ഷിക്കാനായി നദിയിലിട്ടപ്പോള്‍ ലഭിച്ചത് കരിമീന്‍. സംഭവമറിഞ്ഞ് കരിമീനെ കാണാനെത്തിയ നാട്ടുകാരും ചൂണ്ടകളും വലകളും വാങ്ങി മീന്‍പിടുത്തമാരംഭിച്ചു.

ഇന്നലെ എരുമേലി ഓരുങ്കല്‍കടവിലെ മണിമലയാറിലാണ് കരിമീനെ വലയിലാക്കിയതിന്റെ കാഴ്ച കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടിയത്. ഓരുങ്കല്‍കടവില്‍ പെട്ടിക്കട നടത്തുന്ന പുകപ്പുരയ്ക്കല്‍ കുഞ്ഞുമൈതീന്‍ നാളുകളായി ചൂണ്ടകളും വലകളും നിര്‍മിച്ച്‌ വില്‍പ്പന നടത്തുകയാണ്. ഇന്നലെ രാവിലെ നേരംപോക്കിനായി ഇയാള്‍ വലയിട്ടപ്പോള്‍ അര കിലോയോളം തൂക്കമുള്ള കരിമീന്‍ വലയിലാവുകയായിരുന്നു.

മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞയിടെയാണ് മണിമലയാറ്റില്‍ കരിമീന്‍ ഉള്‍പ്പെടെ ഒന്നര ലക്ഷം മത്സ്യകുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചത്. ഇതോടെ നിരവധിപ്പേരാണ് നദിയില്‍ വലയിടാനായി എത്തിക്കൊണ്ടിരിക്കുന്നത്.