പൊന്തൻപുഴ വനം: മണിമല വില്ലേജിലെ അതിർത്തി നിർണയിക്കാൻ മന്ത്രിയുടെ നിർദേശം


മണിമല: ആലപ്ര, പൊന്തൻപുഴ, വളകോടി ചതുപ്പ്, വഞ്ചികപ്പാറ എന്നിവിടങ്ങളിലെ കർഷകർക്ക് പട്ടയം നൽകുന്നതിന് മുന്നോടിയായി മണിമല വില്ലേജിനുള്ളിൽ വരുന്ന പൊന്തൻപുഴ റിസർവ്‌ വനത്തിന്റെ അതിർത്തി നിർണയിക്കാൻ വനം വകുപ്പു മന്ത്രി കെ.രാജു നിർദേശിച്ചു. 1907-ലെ വിജ്ഞാപനത്തിന്റെ വനാതിർത്തി സർവേ നടത്തി കർഷകരുടെ ഭൂമിയുടെ വിശദാംശങ്ങൾ നൽകാൻ കോട്ടയം ചീഫ് കൺസർവേറ്ററോടാണ് മന്ത്രി നിർദേശിച്ചത്.

കർഷകർ തലമുറകളായി കൈവശംവെച്ചനുഭവിക്കുന്ന പ്രദേശം വനഭൂമി ഉൾപ്പെട്ടതാണെന്ന വാദമുയർത്തി പട്ടയം നൽകാതിരിക്കുകയാണ്. കൃഷിഭൂമിയും വനഭൂമിയും മണിമല വില്ലേജിലെ പഴയ സർവേ പ്രകാരം ഒരേ നമ്പരിൽ ഉൾപ്പെട്ടതാണ് കാരണം. തിരുവിതാംകൂർ സർക്കാർ 1907-ൽ പ്രാഥമിക വിജ്ഞാപനത്തിലൂടെ ഏറ്റെടുത്തതാണ് പൊന്തൻപുഴ റിസർവ് വനം. എന്നാൽ, അതിർത്തി നിർണയിച്ച് അന്തിമ വിജ്ഞാപനം ഇറക്കിയിരുന്നില്ല. 1909-ലെ തിരുവിതാംകൂർ സെറ്റിൽമെന്റ് രജിസ്റ്ററിൽ മണിമല വില്ലേജിൽ ആലപ്ര ഭാഗത്ത് വനം 1347 ഏക്കറാണ്‌. റീസർവേ പ്രകാരം 1240 ഏക്കറുമാണ്. കർഷകർ കൈവശംവെച്ചിരിക്കുന്നത് 253 ഏക്കറും.

വനംവകുപ്പിന്റെ അവകാശവാദങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ആലപ്ര കൈവശ കർഷകസമിതി റവന്യൂ, വനംവകുപ്പു മന്ത്രിമാർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് സി.പി.ഐ. നേതാക്കളായ സി.കെ.ശശിധരൻ, അഡ്വ. വി.ബി.ബിനു, പി.കെ.കൃഷ്ണൻ, വി.കെ.സന്തോഷ് കുമാർ, വി.എസ്.ശരത്ത് എന്നിവർ മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സർവേ നടത്താൻ മന്ത്രി നിർദേശം നൽകിയത്.