പൊന്തൻപുഴ വനഭൂമി തന്നെ; വിട്ടുകൊടുക്കില്ല: മന്ത്രി കെ. രാജു

എരുമേലി ∙ പൊന്തൻപുഴ വനത്തിലേക്ക് ഒരു കയ്യേറ്റക്കാരനെയും കടത്തിവിടാൻ അനുവദിക്കില്ലെന്ന് വനം മന്ത്രി കെ. രാജു. വനമേഖലയോട് ചേർന്നുള്ള താമസക്കാർക്ക് പട്ടയം നൽകാൻ നടപടി എടുക്കും. വനത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിവാദപരമായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ വനത്തിലും ജനവാസ മേഖലകളിലും സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.

1971ലെ സ്വകാര്യ വനം നിക്ഷിപ്തമാക്കൽ നിയമം, 2003ലെ പരിസ്ഥിതി ലോല പ്രദേശ നിയമം എന്നിവയുടെ പശ്ചാത്തലത്തിൽ പൊന്തൻപുഴ വനഭൂമിതന്നെയാണ്. ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല. വനം വിഷയത്തിൽ സർക്കാർ റിവ്യു ഹർജി നൽകിയെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിയെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ പൊന്തൻപുഴയിൽ എത്തിയിരുന്നു.

വിവിധ സംഘടനകളും സമരം തുടങ്ങിയിട്ടുണ്ട്. വിവാദമുയർന്ന സാഹചര്യത്തിലാണ് ഇന്നലെ മന്ത്രി നേരിട്ടെത്തിയത്. ആലപ്ര, വളകോടി ചതുപ്പ് എന്നിവിടങ്ങളിൽ നാട്ടുകാരുമായി മന്ത്രി സംസാരിച്ചു. രാജു ഏബ്രഹാം എംഎൽഎ, എൽഡിഎഫ് ജില്ലാ കൺവീനർ എം.ടി.ജോസഫ്, സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, വി.ബി.ബിനു, പി.കെ.കൃഷ്ണൻ, കെ.സി.ജയൻ, ഡിസിസി സെക്രട്ടറി റോണി കെ. ബേബി, മണിലാൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.