പൊന്മലയ്ക്ക് സമീപം മാലിന്യം തള്ളി

ആനക്കല്ല് ∙ പൊടിമറ്റം – ആനക്കല്ല് റോഡിൽ പൊന്മലയ്ക്കു സമീപം മാലിന്യം തള്ളി. പച്ചക്കറിയുടെ അവശിഷ്ടങ്ങൾ നിറച്ച 15 ചാക്കുകളാണു റോഡിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത്. വാഹനങ്ങൾ കയറിയിറങ്ങി മാലിന്യം റോഡിൽ നിരന്നു. വെള്ളിയാഴ്ച രാത്രിയിലാണ് മാലിന്യങ്ങൾ തള്ളിയതെന്നു നാട്ടുകാർ പറയുന്നു. മുണ്ടക്കയം ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾക്കു കാഞ്ഞിരപ്പള്ളി, പൊൻകുന്നം ടൗണുകളിലെത്താതെ ഈരാറ്റുപേട്ട, പാലാ ഭാഗത്തേക്ക് എളുപ്പമാർഗത്തിൽ എത്താവുന്ന റോഡാണിത്.

ജനവാസം കുറഞ്ഞ ഇവിടെ രാത്രികാലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതു പതിവായിരിക്കുകയാണെന്നു നാട്ടുകാർ ആരോപിച്ചു. ദുർഗന്ധം അസഹനീയമായതോടെ മാലിന്യം കുഴിയെടുത്തു മൂടി. അറവുശാലകളിൽനിന്നുള്ള മാലിന്യമടക്കം ഇവിടെ തള്ളുന്നതായി നാട്ടുകാർ പരാതി നൽകിയിരുന്നു. ഈ ഭാഗത്തു വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിരുന്നു. മുൻപു ലോറി നിറയെ കേറ്ററിങ് സ്ഥാപനത്തിലെ മാലിന്യം തള്ളിയതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.