പൊന്‍കുന്നം മിനി സിവില്‍ സ്‌റ്റേഷന്‍

പൊന്‍കുന്നം മിനി സിവില്‍ സ്‌റ്റേഷന്‍
എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായി
പൊൻകുന്നത്തിന്റെഗതികേടാണത്…നല്ലതൊന്നും അത്രപെട്ടെന്ന് കൈവരില്ല. ഇരുപതു വർഷത്തിലേറെയുള്ള കാത്തിരിപ്പിനൊടുവിലാണ് പൊൻകുന്നം-പാലാ ഹൈവേ യാഥാർഥ്യമായത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ബാക്കി ഭാഗമായ പൊൻകുന്നം-പുനലൂർ റോഡിനായി പൊൻകുന്നം കാത്തിരിക്കുകയാണിനി.
ഇതേ സ്ഥിതിയായിരുന്നു മിനി സിവിൽസ്റ്റേഷന്. പണി തുടങ്ങിയിട്ട് എട്ടുവർഷം. മുൻ എൽ.ഡി.എഫ്.സർക്കാരിന്റെ കാലത്ത് തുടക്കമിട്ടു. പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നത് ഇപ്പോഴാണ്. കഴിഞ്ഞ യു.ഡി.എഫ്.സർക്കാരിന്റെ കാലത്ത് അവസാനനാളിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഒരു ഘട്ടം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം നടത്തിയെന്നു മാത്രം. പിന്നേയും പണികൾ തീരാൻ തടസ്സങ്ങൾ അനവധിയായിരുന്നു. ഇനിയിപ്പോൾ ഉത്സവമായി ഉദ്ഘാടനം വ്യാഴാഴ്ച നടത്തും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ സിവിൽ സ്‌റ്റേഷനാണിത്. താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളി പട്ടണത്തിൽ നേരത്തേ തന്നെ മിനി സിവിൽസ്റ്റേഷൻ സ്ഥാപ
വൈകിയതിന് കാരണങ്ങൾ ഒട്ടേറെ…

പൊൻകുന്നം മിനി സിവിൽസ്റ്റേഷൻ വൈകിയതുമൂലം സർക്കാരിന് നഷ്ടം രണ്ടരക്കോടി രൂപ. ആദ്യം നിശ്ചയിച്ച തുകയേക്കാൾ ഇത്രയധികം പണം നിർമാണം തീരാനായി വേണ്ടിവന്നു. ഒൻപതര കോടി രൂപയാണ് ഇപ്പോൾ ചെലവഴിച്ചത്.
ജി.എസ്.ടി., നോട്ടുനിരോധനം, തുടങ്ങി പല കാരണങ്ങൾ പറഞ്ഞ് നിർമാണം വൈകി. ഒടുവിൽ ലിഫ്റ്റിൽ ’തട്ടി’ ഒന്നര വർഷത്തിലേറെ പണി സ്തംഭിച്ചു. നിർമാണ കമ്പനിക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ലിഫ്റ്റ് സ്ഥാപിച്ച ഇനത്തിൽ സർക്കാർ ഒന്നരക്കോടി രൂപയോളം കൊടുക്കാനുണ്ടായിരുന്നു. അതിനാൽ അവർ തുടർപണികളൊന്നും ചെയ്തില്ല. പിന്നീട് കുടിശ്ശികയിൽ നാൽപ്പത്തഞ്ചു ലക്ഷം രൂപ കൊടുത്തതിനു ശേഷമാണ് പൊൻകുന്നത്തേതുൾപ്പെടെ ലിഫ്റ്റ് നിർമാണം നടത്തിയത്.

അറുപത് ശതമാനം വൈദ്യുതി ചെലവ് ലാഭിക്കുംവിധമുള്ള ലിഫ്റ്റാണ് പ്രവർത്തനസജ്ജമാക്കിയത്. വൈദ്യുതി നിലച്ചാൽ ഇരുപതു സെക്കന്റുകൾക്കകം ഓട്ടോമാറ്റിക് ആയി മുകളിലത്തേയോ താഴത്തേയോ നിലയിൽ ലിഫ്റ്റ് തനിയെ എത്തും. എമർജൻസി ലൈറ്റും പ്രവർത്തിക്കും. സംഗീതവുമുണ്ടാവും. ഓരോ നിലയിൽ എത്തുമ്പോഴും ഓട്ടോമാറ്റിക് അനൗൺസ്‌മെന്റും.

ഉപ്പ് പാണ്ടികശാലയിൽനിന്ന് മിനി സിവിൽ സ്റ്റേഷനിലേക്ക്…
വർഷങ്ങളോളം പാണ്ടികശാലയായിരുന്ന മണ്ണാണ് ഇപ്പോൾ സിവിൽ സ്‌റ്റേഷൻ നിർമിച്ച വളപ്പ്. പൊൻകുന്നത്തെ ആദ്യസർക്കാർ സ്ഥാപനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാണ്ടികശാലയുടെ സ്ഥാനത്ത് നിരവധി സർക്കാർ സ്ഥാപനങ്ങളുടെ ശ്രുംഖലയാണിനി വരുന്നത്.

18-ാം നൂറ്റാണ്ടിൽ കുരുമുളക്, പുകയില, ഉപ്പ്, കറുപ്പ് എന്നിവയുടെ വിപണനകുത്തക സർക്കാരിനായി. ഇന്നാട്ടുകാർ ഉപ്പ് വാങ്ങാൻ ചങ്ങനാശ്ശേരി പാണ്ടികശാലയിൽ പോകേണ്ടിയിരുന്നു. കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരുടെ നിവേദനപ്രകാരം പൊൻകുന്നത്ത് ഒരു ഉപ്പ് പാണ്ടികശാല സ്ഥാപിക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി പോലീസ് സ്‌റ്റേഷൻ, സബ്ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ്, വാണിജ്യനികുതി ഓഫീസ് എന്നിവ ഇതേവളപ്പിൽ ചിന്നിച്ചിതറി പല കെട്ടിടങ്ങളിലായി സ്ഥാപിക്കപ്പെട്ടു. ഇവയുൾപ്പെടെ എട്ട് സർക്കാർ ഓഫീസുകൾ ഇപ്പോൾ മിനി സിവിൽ സ്റ്റേഷനിൽ ഒന്നിച്ചെത്തുകയാണ്.

ഡിവൈ.എസ്.പി. ഓഫീസ് സിവിൽ സ്റ്റേഷനിലേക്കില്ല
ആദ്യഘട്ടത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ഓഫീസിനുകൂടി ഇടം നിശ്ചയിച്ചിരുന്നു. എന്നാൽ നിലവിൽ പൊൻകുന്നത്ത് ആഭ്യന്തരവകുപ്പിന്റെ തന്നെ ചുമതലയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് അവിടെ തന്നെ തുടരും. കാഞ്ഞിരപ്പള്ളിയിലായിരുന്നു നേരത്തേ ഇത് പ്രവർത്തിച്ചിരുന്നത്. ഡിവൈ.എസ്.പി. ഓഫീസ് കാഞ്ഞിരപ്പള്ളിക്കു തന്നെ ’കൊണ്ടുപോകണമെന്ന്’ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരുമുണ്ട്. അതിനാൽ തത്കാലം തർക്കത്തിന് ഇടകൊടുക്കാതെ ഡിവൈ.എസ്.പി. ഓഫീസ് സ്വന്തം കെട്ടിടത്തിൽ തന്നെ തുടരും. ഇവർക്കായി സിവിൽ സ്റ്റേഷനിൽ നീക്കിവെച്ച ഭാഗത്ത് താലൂക്ക് ലോട്ടറി ഓഫീസ് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. ധനമന്ത്രിയിൽനിന്ന് അനുകൂല പ്രതികരണമുണ്ടാവുമെന്ന വിശ്വാസത്തിലാണ് അധികൃതർ.

കെട്ടിടം 59,500 ചതുരശ്രയടി വിസ്തീർണത്തിൽ
8,288 ചതുരശ്രയടി വിസ്തീർണമുള്ള അടിനിലയിൽ പാർക്കിങ്.
ഒന്നാമത്തെനിലയിൽ സബ് ട്രഷറിയും അതിനോടനുബന്ധിച്ച് ഒരു എ.ടി.എം. കൗണ്ടറുമുണ്ട്. ചിറക്കടവ് വില്ലേജ് ഓഫീസും സബ് രജിസ്ട്രാർ ഓഫീസും ഇവിടെത്തന്നെയാണ്.
രണ്ടാംനിലയിൽ നികുതി ഓഫീസ്, ജോയിന്റ് ആർ.
ടി.ഓഫീസ്, മൃഗസംരക്ഷണവകുപ്പിന്റെ ഐ.സി.ഡി.പി. ഓഫീസ് എന്നിവ.

മുകൾനിലയിൽ ലീഗൽ മെട്രോളജി ഓഫീസ്, എക്‌സൈസ് ഓഫീസ്‌ എന്നിവ പ്രവർത്തിക്കും. എം.പി.ക്കും എം.എൽ.എ.യ്ക്കും ഇവിടെ ഓഫീസ് മുറി, കോൺഫറൻസ് ഹാൾ, വി.ഐ.പി. ലോഞ്ച് എന്നിവയുമുണ്ട്.
കാറ്റും വെളിച്ചവും എല്ലാ ഓഫീസുകളിലും ലഭിക്കത്തക്കവിധമാണ് രൂപകല്പന. നാലുനില മന്ദിരത്തിന്റെ നടുഭാഗത്തിന്റെ മേൽത്തട്ട് പോളികാർബണേറ്റ് ഷീറ്റുപയോഗിച്ച് നനയാതെയാക്കിയിട്ടുണ്ട്. ഇതിലൂടെയാണ് സൂര്യപ്രകാശം താഴത്തെ നടുമുറ്റം വരെ ലഭിക്കുന്നത്. ഭൂഗർഭജലസംഭരണിയിൽ ഒരു ലക്ഷം ലിറ്റർ ജലം സൂക്ഷിക്കാനാകും. വിശാലമായ കാർപാർക്കിങ്ങുള്ളതിനാൽ അതാത് ഡിപ്പാർട്ട്‌മെന്റിന്റെ കൂടാതെ ഇവിടെയെത്തുന്ന ജനങ്ങളുടെ വാഹനങ്ങളും പാർക്ക് ചെയ്യാൻ കഴിയും