പൊന്‍കുന്നത്ത്‌ നടപ്പാത കൈയേറി കച്ചവടം; വഴിയാത്രക്കാര്‍ക്ക്‌ ഇടമില്ല


പൊന്‍കുന്നം: വഴിനടക്കാന്‍ യാത്രക്കാര്‍ക്ക്‌ ഇടംകൊടുക്കാതെ പൊന്‍കുന്നം പട്ടണത്തില്‍ നടപ്പാതയും വഴിയോരവും കൈയ്യേറി കച്ചവടം. 
വഴിയോരത്തെ താത്‌ക്കാലിക കച്ചവടക്കാരെ കൂടാതെ വാടകയ്‌ക്ക്‌ മുറിയെടുത്ത്‌ കടയിട്ടവരും നടപ്പാത കൈയടക്കി സാധനങ്ങള്‍ വഴിയിലേക്കിറക്കി വെച്ചാണ്‌ വ്യാപാരം.
പൊന്‍കുന്നം ബസ്‌ സ്‌റ്റാന്‍ഡിന്‌ എതിര്‍വശത്ത്‌ പച്ചക്കറിക്കടകള്‍ റോഡരികിലേക്ക്‌ ചേര്‍ത്ത്‌ സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ്‌ കച്ചവടം. ഇവിടെ ബസ്സുകള്‍ സ്‌റ്റാന്‍ഡില്‍ നിന്ന്‌ തിരിഞ്ഞിറങ്ങി വരുമ്പോള്‍ മറ്റ്‌ വാഹനങ്ങള്‍ അരികുചേര്‍ത്ത്‌ ഓടുമ്പോള്‍ പിന്നെ വഴിയാത്രക്കാര്‍ക്ക്‌ നടക്കാന്‍ സ്‌ഥലമില്ല. സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുന്നവരുടെ തിരക്കുകൂടിയാകുമ്പോള്‍ യാത്രക്കാര്‍ വാഹനങ്ങള്‍ക്കിടയിലൂടെ റോഡിലൂടെ നടക്കണം.
നടപ്പാതയിലേക്ക്‌ ബോര്‍ഡുകള്‍ ഇറക്കിവെയ്‌ക്കുന്നവരും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നവരുമുണ്ട്‌. വഴിയോരം വാടകയ്‌ക്ക്‌ കൊടുത്ത്‌ പണമീടാക്കുന്നവരുമുണ്ട്‌. സ്വന്തം കടയ്‌ക്കുമുന്‍പില്‍ റോഡരികില്‍ സാധനങ്ങള്‍ നിരത്തിവെച്ച്‌ കച്ചവടം ചെയ്യുന്നതിന്‌ അനുമതി നല്‍കി പ്രതിദിനം അഞ്ഞൂറു രൂപ വരെ വാടക ഈടാക്കുകയാണ്‌. അതായത്‌ മാസം വഴിയോരം വാടകയ്‌ക്കു നല്‍കി പതിനയ്യായിരം രൂപ വരുമാനം.
ബസ്‌ സ്‌റ്റാന്‍ഡിന്‌ എതിര്‍വശത്ത്‌ ദേശീയപാതയിലുള്ള സീബ്രാലൈനിനോട്‌ ചേര്‍ത്ത്‌ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ സുരക്ഷിതമായി കാല്‍നടയാത്രക്കാര്‍ക്ക്‌ കടക്കാനാകുന്നുമില്ല. 
ഇവിടെ തിരക്കുള്ള സമയങ്ങളില്‍ പോലീസിനെ ഡ്യൂട്ടിക്കിടണമെന്ന്‌ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. സീബ്രാലൈനില്‍ ചെറുവാഹനങ്ങള്‍ വട്ടംതിരിഞ്ഞ്‌ റോഡിന്‌ എതിര്‍വശത്തേക്ക്‌ കടക്കുന്നതും യാത്രക്കാര്‍ക്ക്‌ അപകടസാധ്യതയേറ്റുന്നു. 
ദേശീയപാത കൈയേറിയുള്ള കച്ചവടത്തിനും അനധികൃത പാര്‍ക്കിങ്ങിനുമെതിരേ നടപടിയെടുക്കണമെന്ന്‌ പൊന്‍കുന്നം ടൗണ്‍ ഡെവലപ്‌മെന്റ്‌ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പി.എ.അബ്‌ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. 
ആര്‍.എസ്‌.അജിത്‌കുമാര്‍, ജയകുമാര്‍ കുറിഞ്ഞി, എസ്‌.ബിജു, ശ്യാംബാബു, സേവ്യര്‍ മൂലകുന്ന്‌, ബാബുരാജ്‌, സോണി തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.