പൊന്‍കുന്നത്ത് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ വീണ്ടും തെളിഞ്ഞു, പിന്നെ അണഞ്ഞു

പൊന്‍കുന്നം: ടൗണിലെ തകരാറിലായിരുന്ന ട്രാഫിക് ലൈറ്റ് സംവിധാനം വീണ്ടും പ്രവര്‍ത്തനം തുടങ്ങി. മണിക്കൂറികള്‍ക്കുള്ളില്‍ പിന്നെയും തകരാറിലായി. ദിവസങ്ങളായി തകരാറിലായിരുന്ന സംവിധാനം കെല്‍ട്രോണ്‍ എന്‍ജിനീയര്‍മാര്‍ ശനിയാഴ്ചയാണ് നന്നാക്കിയത്. അവര്‍ മടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും തകരാറിലായി.

ട്രാഫിക് ലൈറ്റ് സ്ഥാപിച്ചതിന് ശേഷം അമിത പ്രവാഹത്തില്‍ നാലു തവണ ലൈന്‍ ചാര്‍ജര്‍ കത്തിപോയിരുന്നു. 24 വോള്‍ട്ട് വൈദ്യുതിയിലാണ് ട്രാഫിക് എല്‍ഇഡി ബള്‍ബുകള്‍ പ്രകാശിക്കുന്നത്. 230 വോള്‍ട്ട് 24 വോള്‍ട്ടായി കുറക്കുന്നത് ലൈന്‍ ചാര്‍ജറാണ്.
തകരാര്‍ പരിഹരിക്കുന്നതിനായി ഒരുലക്ഷം രൂപയുടെ നഷ്ടം കെല്‍ട്രോണിന് ഉണ്ടായെന്നു കെല്‍ട്രോണ്‍ ട്രാഫിക് സിഗ്‌നല്‍ വിഭാഗം എന്‍ജിനിയര്‍മാര്‍ പറഞ്ഞു.

സംസ്ഥാന പാതയുടെ ഭാഗമായ പൊന്‍കുന്നം-പാലാ റോഡ് ആധുനിക രീതിയില്‍ നിര്‍മിച്ചതോടെയാണ് ടൗണില്‍ വൈദ്യുതിയിലും സോളാറിലും പ്രവര്‍ത്തിക്കുന്ന ട്രാഫിക് സംവിധാനം സ്ഥാപിച്ചത്. ശബരിമല തീര്‍ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിഗ്‌നല്‍ സംവിധാനം തകരാറിലായത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കുമിടയാക്കും