പൊലീസിനെ ആക്രമിച്ച കേസ്: പ്രതികൾ കീഴടങ്ങി

മുണ്ടക്കയംഇൗസ്റ്റ്∙ കഞ്ചാവ് ലഹരിയിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികൾ കോടതിയിൽ കീഴടങ്ങി. വെംബ്ലി വടക്കേമല ഓലിക്കപുരയിടത്തിൽ വിനോദ് (28), ഹരി (25), സുബിൻ (24) എന്നിവരാണ് പീരുമേട് കോടതിയിൽ കീഴടങ്ങയത്. പുതുവത്സര ആഘോഷ സമയത്ത് വെംബ്ലി വടക്കേമലയിലാണ് കേസിന് ആസ്പദമായ സംഭവം.

രാത്രിയിൽ 12.45നു വടക്കേമല പാപ്പാനി വെള്ളച്ചാട്ടത്തിനും പാലത്തിനും സമീപം വീടുകളിൽ യുവാക്കൾ അക്രമം നടത്തുന്നു എന്ന വിവരം ലഭിച്ചതോടെയാണ് പെരുവന്താനം എസ്ഐ പ്രശാന്ത് പി.നായരും സംഘവും സ്ഥലത്തെത്തിയത്. പൊലീസ് വരുന്നതുകണ്ട് വാഹനത്തിന് നേരെ പ്രതികൾ കല്ലെറിയുകയും പൊലീസിനു നേരെ അക്രമം നടത്തുകയുമായിരുന്നു.

മൽപ്പിടിത്തത്തിനിടെ എസ്ഐ പ്രശാന്ത് പി.നായർ, സിവിൽ പൊലീസ് ഓഫിസർ ജിമ്മി എന്നിവർക്കും കല്ലേറിൽ പ്രദേശവാസിയായ ഒരാൾക്കും പരുക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെംബ്ലി വടക്കേമല തുണ്ടിയിൽ മേമുറി അനന്ദുവിനെ സംഭവ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു രാത്രിയിൽ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ റിമാൻഡ് ചെയ്തു.