പൊലീസ് പിടിച്ച പുലിവാല് ; റിമാൻഡ് പ്രതിയുമായി ഓട്ടം

പൊൻകുന്നം ∙ റിമാൻഡ് പ്രതിയുമായി പൊൻകുന്നം പൊലീസ് ഓട്ടം തുടങ്ങിയിട്ട് 2 ദിവസം. കസ്റ്റഡിയിലെടുത്തപ്പോൾ മുതൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എത്തിച്ചായിരുന്നു പൊലീസിന്റെ ഓട്ടം. ഒടുവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് പറയുന്നത് ഇങ്ങനെ.

പൊൻകുന്നം നരിയനാനി മാന്തറയിൽ കഴിഞ്ഞ ദിവസം അയൽവാസിയുമായി ഉണ്ടായ അതിരുതർക്കത്തിൽ വീട്ടമ്മയെ ആക്രമിച്ചെന്ന പരാതിയിൽ ടി.തോമസ് (62) നെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നെഞ്ച് വേദന അനുഭവപ്പെട്ടതോടെ തോമസിനെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ച പ്രതിയെ ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന കാരണത്താൽ ഇന്നലെ വൈകിട്ട് പറഞ്ഞു വിട്ടു. ഇതിനിടെ കോടതിയിൽ കേസിന്റെ രേഖകൾ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച പ്രതി വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ ആശുപത്രി അധികൃതർ ഇയാളെ വീണ്ടും കോട്ടയം മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചു.