പൊൻകുന്നം – എരുമേലി സമാന്തരപാതയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ.

പൊൻകുന്നം∙ എരുമേലി സമാന്തരപാതയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. ദേശീയ പാതയിൽ പൊൻകുന്നം ടൗണിന് സമീപം കെ.വി.എം.എസ്. ജംക്‌ഷൻ മുതൽ എരുമേലി കാഞ്ഞിരപ്പള്ളി പാതയിലെ കുറുവാമൂഴി വരെയുള്ള ഭാഗമാണു നവീകരിക്കുന്നത്. ശബരിമല തീർഥാടന കാലത്തിന് മുമ്പ് ആദ്യഘട്ടം നിർമാണം പൂർത്തിയാക്കിയ ഹൈവേയുടെ നിർമാണം ഇടയ്‌ക്ക് നിർത്തിവച്ചിരുന്നു. ആദ്യഘട്ടത്തിൽ ബിറ്റുമിൻ മെക്കാഡം പണികൾ പൂർത്തിയാക്കിയ റോഡിൽ ബിറ്റുമിൻ കോൺക്രീറ്റ് പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഇതു പൂർത്തിയാകുന്നതോടെ ഉയരം വർധിക്കുന്ന റോഡിന്റെ കട്ടിങ്ങുകൾ അപകടക്കെണികൾ ആകാതിരിക്കുന്നതിന് പാതയുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന പണികളും പൂർത്തിയാക്കേണ്ടതുണ്ട്. കഴിഞ്ഞ ശബരിമല തീർഥാടന കാലത്തിന് മുൻപ് ആദ്യഘട്ട പണികൾ പൂർത്തീകരിച്ചെങ്കിലും പാതയിലൂടെ അയ്യപ്പഭക്‌തരുടെ വാഹന തിരക്ക് ഏറിയതോടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. മാസങ്ങൾക്കു ശേഷവും പണികൾ പുനരാരംഭിക്കാതിരുന്നതോടെ റോഡിന്റെ വശങ്ങളിലെ ടാറിങ് ചിലയിടങ്ങളിൽ അടർന്ന് തുടങ്ങിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പണി പൂർത്തീകരിക്കുന്നതോടെ എരുമേലിയിലേക്കെത്തുന്ന ശബരിമല തീർഥാടകർക്ക് ഏറെ പ്രയോജനകരമാകുന്ന പാതയാണിത്. നെടുമ്പാശേരി ഹൈവേ പദ്ധതിയിൽപെടുത്തി ഹൈവേ വീതി വർധിപ്പിക്കുന്നതിന് പ്രാഥമിക ഘട്ട സർവേ നടപടികൾ പൂർത്തിയായിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടാകാത്തത് പാതയുടെ വികസനത്തിന് തടസ്സം സൃഷ്‌ടിക്കുന്നുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനൊപ്പം പലയിടങ്ങളിലും വീതി വളരെ കുറഞ്ഞ പാതയുടെ വീതി വർധിപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. പണി പൂർത്തിയാകുന്നതോടെ കോട്ടയം, പാലാ ഭാഗത്തുനിന്നും വരുന്ന തീർഥാടക വാഹനങ്ങൾക്ക് കെ.വി.എം.എസിൽ നിന്ന് ആരംഭിക്കുന്ന സമാന്തര പാതയിലൂടെ കാഞ്ഞിരപ്പള്ളിയിലെ ഗതാഗത കുരുക്കിൽപ്പെടാതെ എരുമേലിക്ക് വളരെ വേഗം എത്താൻ കഴിയും