പൊൻകുന്നം ഗവ. ഹൈസ്കൂൾ വളപ്പിൽ നിൽക്കുന്ന ദേശീയപാതയ്ക്ക് ഭീഷണിയായ വാകമരം വെട്ടിമാറ്റണം; ആവശ്യം ശക്തം

പൊൻകുന്നം ∙ സ്കൂൾ വളപ്പിൽ നിന്നും ദേശീയപാത 183ലേക്ക് ചാഞ്ഞു നിൽക്കുന്ന വാകമരം വെട്ടിമാറ്റണമെന്ന് ടൗൺ വികസന സമിതി ആവശ്യപ്പെട്ടു. മരത്തിന്റെ ശിഖരങ്ങൾ കഴിഞ്ഞ ദിവസം ഒടിഞ്ഞു വീണിരുന്നു. തലനാരിഴയ്ക്കാണ് വഴിയാത്രക്കാരും വാഹനങ്ങളും അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്. ടൗൺ വികസന സമിതി പ്രസിഡന്റ് ഷാജി വട്ടപ്പാറ അധ്യക്ഷത വഹിച്ചു. എം.എസ്.മോഹൻ, ടോമി ഡോമിനിക്, കെ.എ.അബ്ബാസ്, ശ്യാം ബാബു, കെ.എം.ഷാജഹാൻ, ഔസേപ്പച്ചൻ പൂലാനിമറ്റം, മധു കെ.മാത്യു, ജി.ജയപാൽ എന്നിവർ പ്രസംഗിച്ചു.

കെഎസ്ഇബി അധികൃതർ വൈദ്യുതി ലൈൻ അഴിച്ചുമാറ്റി തന്നാൽ വാകമരം വെട്ടിമാറ്റാമെന്ന് സ്കൂൾ അധികൃതർ പറയുന്നു. പലതവണ കെഎസ്ഇബിയെ സമീപിച്ചതാണെന്നും ജില്ലാ പഞ്ചായത്ത്, സോഷ്യൽ ഫോറസ്ട്രി എന്നിവയുടെ അനുമതി ലഭിച്ചതായും അധികൃതർ പറയുന്നു.

അപേക്ഷകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അപേക്ഷ ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.