പൊൻകുന്നം–ഗുരുവായൂർ കെഎസ്‌ആർടിസി സർവീസ് എരുമേലിയിലേക്ക് നീട്ടി

പൊൻകുന്നം ∙ ഗുരുവായൂർ കെഎസ്ആർടിസി സർവീസ് എരുമേലിയിലേക്കു നീട്ടി. എരുമേലിയിൽ നിന്നുള്ള അമൃത സർവീസ് പൊൻകുന്നത്തു നിന്നാക്കി. സോണൽ ഓഫിസിൽ നിന്നു ഫോണിലൂടെ അറിയിച്ച പുതിയ പരിഷ്കാരം സ്ഥിരം യാത്രക്കാരെ നഷ്ടപ്പെടുത്തിയെന്നും വരുമാനം പകുതിയാക്കിയെന്നും ജീവനക്കാർ. രാവിലെ 5.20ന് ഗുരുവായൂർക്ക് പൊൻകുന്നത്തു നിന്നു പോയിരുന്ന ലിമിറ്റഡ് ഓർഡിനറി ബസിന് സിംഗിൾ ഡ്യൂട്ടിയാക്കിയിട്ടു പോലും മെച്ചപ്പെട്ട വരുമാനം ലഭിച്ചിരുന്നു.

പൊൻകുന്നം ഡിപ്പോയിൽ നിന്നു തന്നെ 20 യാത്രക്കാരോളം ദിവസേന ഉണ്ടായിരുന്നതാണെന്ന് ഡിപ്പോ അധികൃതർ പറയുന്നു. ഗുരുവായൂർ സർവീസ് എരുമേലിക്ക് നീട്ടിയതോടെ പൊൻകുന്നത്തെ സ്വകാര്യബസ് സ്റ്റാൻഡിൽ കയറി പോകുകയാണ് ചെയ്യുന്നത്. ഇതോടെ സ്ഥിരം യാത്രക്കാരെല്ലാം സ്വകാര്യബസുകൾ തേടിപ്പോയത് വരുമാനത്തിൽ ഇടിവുണ്ടാക്കിയെന്നു റൂട്ടിൽ പോകുന്നവർ പറയുന്നു.

മലയോര മേഖലയായ പമ്പാവാലി, തുലാപ്പള്ളി, മുക്കൂട്ടുതറ, എലിവാലിക്കര തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്ക് എറണാകുളത്തെ ആശുപത്രിയിലെത്താനുള്ള ആശ്രയമായിരുന്ന എരുമേലിയിൽ നിന്ന് ഈരാറ്റുപേട്ട, പാലാ, ഉഴവൂർ, ഇലഞ്ഞി, പിറവം വഴി എറണാകുളം അമൃത ആശുപത്രിയിലേക്കുണ്ടായിരുന്ന സർവീസാണ് പൊൻകുന്നത്തേക്കു മാറ്റിയത്.

റാന്നി ഡിപ്പോയിൽ നിന്നു പുലർച്ചെ 5.30ന് പോകുന്ന അമൃത ബസിനു പിന്നാലെ പോകുന്ന സർവീസിന്റെ വരുമാനം തീരെ കുറഞ്ഞതായി ജീവനക്കാർ പറയുന്നു. എറണാകുളത്തെത്തുന്ന ബസ് ആലപ്പുഴയ്ക്കൊരു ട്രിപ്പ് ഓടി തിരികെ 3.30ന് വൈറ്റിലയിലെത്തി 2 മണിക്കൂർ വിശ്രമിച്ച ശേഷം വൈകിട്ട് 5.30നാണു പുറപ്പെടുന്നത്.

എരുമേലിയിൽ രാത്രി 9.30ന് എത്തുന്ന ബസിനു നേരത്തേ പോരുകയാണെങ്കിൽ മെച്ചപ്പെട്ട വരുമാനം ലഭിക്കുമെന്നും ചിലരുടെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് 5.30ന് പോരുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു. സംഗിൾ ഡ്യൂട്ടിയിലൂടെ വൈകിട്ടത്തെ ചാൽ ഉപേക്ഷിക്കാമെന്നു തീരുമാനിച്ച ഡിപ്പോ അധികൃതർക്ക് ചാൽ നിർത്തരുതെന്ന നിർദേശമാണ് ലഭിച്ചിട്ടുള്ളതെന്നും ജീവനക്കാർ പറയുന്നു.