പൊൻകുന്നം – തൊടുപുഴ റോഡ് പൊതുമരാമത്ത് റോഡ് വിഭാഗം ഏറ്റെടുത്തു

പൊൻകുന്നം ∙ കെഎസ്ടിപി ലോക നിലവാരത്തിൽ നിർമിച്ച പൊൻകുന്നം – തൊടുപുഴ റോഡ് ആണ് പൊതുമരാമത്ത് റോഡ് വിഭാഗം ഏറ്റെടുത്തു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ (മെയിൻ ഈസ്റ്റേൺ റോഡ്) ഭാഗമായി നിർമിച്ച് പൊൻകുന്നം – തൊടുപുഴ റോഡ് കൈമാറ്റം ചെയ്യുന്ന നടപടികൾ കുറച്ചു നാളായി നടന്നു വരികയായിരുന്നു. ആദ്യഘട്ടമായി തൊടുപുഴ മുതൽ പൈക വരെയുള്ള ഭാഗവും പിന്നീട് പൊൻകുന്നം വരെയുള്ള ഭാഗവും കൈമാറ്റം ചെയ്തത്. ഇതോടെ റോഡിന്റെ പൂർണ ഉത്തരവാദിത്തം പൊതുമരാമത്ത് റോഡ് വിഭാഗത്തിനായി.


പുനലൂർ മുതൽ മൂവാറ്റുപുഴ വരെ 153.6 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ അവസാന റീച്ച് ആയ പൊൻകുന്നം – പുനലൂർ റോഡ് നവീകരണം ആരംഭിച്ചു. 3 റീച്ചായി നിർമാണം നടത്തുന്ന റോഡ് എൻജിനീയറിങ് പ്രൊക്യൂർമെന്റ് കൺസ്ട്രക്‌ഷൻ (ഇപിസി) സംവിധാനത്തിലാണ് നിർമിക്കുന്നത്. പുനലൂർ – കോന്നി 29.84 കിലോമീറ്റർ, കോന്നി പ്ലാച്ചേരി 30.16 കിലോമീറ്റർ, പ്ലാച്ചേരി പൊൻകുന്നം 22.173 കിലോമീറ്റർ.


വെളിച്ചം വിതറിയ രാജപാതയിലൂടെ യാത്ര ഏറെ സുഖകരമാണ്. 10 കോടി ചെലവിൽ 1100 ലൈറ്റുകൾ പൊൻകുന്നം – തൊടുപുഴ റോഡിൽ രാത്രി വെളിച്ചം പകരാൻ 40 മീറ്റർ ഇടവിട്ട് ആണ് സോളർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. 10 കോടി രൂപ ചെലവിൽ 1100 ലൈറ്റുകൾ ആണ് സ്ഥാപിച്ചത്. 78 വാട്സ് എൽഇഡി ലൈറ്റുകളാണു ഘടിപ്പിച്ചത്.

സൗരോർജം ഉപയോഗിച്ച് വഴിവിളക്കുകൾ തെളിക്കുന്നതിനായി 150 ആംപിയർ, 24 വാട്സ് ശക്തി എന്നിവ ഉള്ള 2 ബാറ്ററികളാണ് 7 മീറ്റർ ഉയരമുള്ള ഓരോ തൂണിലും മൂന്നര മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ളത്. സെൻസർ ഉപയോഗിച്ച് ഇരുട്ട് ഉള്ളപ്പോൾ മാത്രം പ്രകാശിക്കുന്ന തരത്തിലാണ് ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. അപകട മേഖലകളിൽ 24 മണിക്കൂറും മിന്നുന്ന സോളർ എൽഇഡി ലൈറ്റുകളും ഇതിന് ഒപ്പം ഉണ്ട്.