പൊൻകുന്നം – പാലാ റോഡിൽ അപകട പരമ്പരകൾ തുടരുന്നു

പൊൻകുന്നം ∙ ഇടക്കാലത്തു നിലച്ചിരുന്ന അപകട പരമ്പരകൾ പൊൻകുന്നം – പാലാ റോഡിൽ വീണ്ടും സജീവമാകുന്നു. ഇന്നലെ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചു കയറിയിരുന്നു. ബസിന്റെ മുൻവശത്തെ ടയറുകൾ ഓടി തേഞ്ഞു തീർന്നതായിരുന്നു. തലേദിവസം റോഡിൽ നിയന്ത്രണംവിട്ടു തലകീഴായി മറിഞ്ഞ കാറിന്റെ ടയറുകളും തേഞ്ഞതായിരുന്നു.

മേഖലയിൽ ഈയിടെ ഉണ്ടായ അപകടങ്ങളിലെ വില്ലൻ തേഞ്ഞ ടയറുകളായിരുന്നു. മഴപെയ്യുന്നതോടെ ടയറുകൾക്കു റോഡിലുള്ള പിടിത്തം നഷ്ടപ്പെടുന്നതാണു നിയന്ത്രണം തെറ്റാൻ കാരണമെന്നും ലോകനിലവാരത്തിൽ നിർമിച്ച റോഡിലെ അമിതവേഗം കൂടിയാകുന്നതോടെയാണ് അപകടങ്ങൾ കൂടുന്നതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. റോഡ് ലോകനിലവാരത്തിൽ നിർമിച്ചതോടെ അപകടങ്ങൾ പെരുകി. 21 കിലോമീറ്റർ ദൂരത്തിനുള്ളിൽ രണ്ടു വർഷത്തിനിടെ പൊലിഞ്ഞതു 32 ജീവനുകൾ. ഇരുനൂറിലേറെ അപകടങ്ങളിൽ പരുക്കേറ്റവർ നൂറുകണക്കിന്.

വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങളും കാരണം കാൽനടയാത്രപോലും ദുഷ്കരമായതോടെ പൊലീസ് സ്വന്തം നിലയിൽ വേഗനിയന്ത്രണ സംവിധാനങ്ങളും കർശന പരിശോധനയുമായി ഇറങ്ങിയതോടെ ഒരുപരിധിവരെ നിലച്ചുപോയ അപകടങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. റോഡിൽ സേഫ്റ്റി സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെങ്കിലും റോഡ് സേഫ്റ്റി അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടില്ല.