പൊൻകുന്നം-പാലാ റോഡ് അപായരഹിതം

പൊൻകുന്നം ∙ ‘ഇനി പേടികൂടാതെ റോഡരികിലൂടെ നടക്കാം; പഴി കേൾക്കാതെ പൊലീസിനും. അമിത വേഗത്തിനു തടയിട്ടപ്പോൾ അപകടമില്ലാതൊരുമാസം പിന്നിട്ടു. മനുഷ്യജീവൻ സംരക്ഷിക്കാൻ നമുക്കിതു മാതൃകയാക്കാം’

എല്ലാവരും കയ്യൊഴിഞ്ഞ പൊൻകുന്നം-പാലാ റോഡിൽ പൊലീസ് സ്വന്തം നിലയിൽ ഒരുക്കിയ സുരക്ഷാ സംവിധാനം വിജയത്തിലെത്തിച്ചതിന്റെ ആഹ്ലാദത്തിലാണു പൊൻകുന്നം പൊലീസ്. ഒരു മാസത്തിനുള്ളിൽ ആകെ ഉണ്ടായതു ചെറിയ ഒരു അപകടം മാത്രം. പുലർച്ചെ മീനുമായെത്തിയ മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞെങ്കിലും ആളപായമില്ലായിരുന്നു.

അരയും തലയും മുറുക്കി പൊലീസ് ഇറങ്ങിയത് 29 മുതൽ

കഴിഞ്ഞ മാസം 29 മുതലാണു പൊൻകുന്നം മുതൽ മഞ്ചക്കുഴി വരെയുള്ള ഭാഗങ്ങളിൽ പൊലീസ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ തുടങ്ങിയത്. 28നു നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ അമിത വേഗത്തിലെത്തിയ ശബരിമല തീർഥാടകരുടെ കാറിടിച്ചു കെട്ടുമുറുക്കിനു കാർമികത്വം വഹിക്കാനെത്തിയയാൾ മരിച്ചതോടെയാണു പൊലീസ് കർശന നടപടികളുമായി ഇറങ്ങിത്തിരിച്ചത്.

സ്പീഡ് ബ്രേക്കറിനൊപ്പം വാഹന പരിശോധനയും കർശനമാക്കിയിരുന്നു. ഇതോടെ ദിനംപ്രതിയെന്നോണം അരങ്ങേറിയിരുന്ന അപകടങ്ങൾക്കു വിരാമമായി. ഇന്റർസെപ്റ്റർ, കൺട്രോൾ യൂണിറ്റ്, ഹൈവേ പൊലീസ് എന്നിവയുടെ നേത‍ൃത്വത്തിൽ ശക്തമായ പരിശോധനയും പൊലീസിന്റെ ശുഭയാത്ര വാഹന ബോധവൽക്കരണവും സജീവമായതോടെയാണ് അപകടങ്ങൾക്ക് അറുതിയായത്.

സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു

വാഹനങ്ങളുടെ വേഗം തന്നെയാണ് അപകടങ്ങൾക്കു മുഖ്യകാരണമെന്നുള്ള തിരിച്ചറിവിൽ കൂടുതൽ വേഗമെടുക്കുന്ന സ്ഥലങ്ങളിൽ പൊലീസ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. ഇത് ഏറെ ഫലപ്രദമായിരുന്നെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ പറ‍ഞ്ഞു.

ഒന്നാംമൈൽ വേബ്രിഡ്ജിനു സമീപം, ആർടി ഓഫിസിനു സമീപം, രണ്ടാം മൈൽ എസ്എൻഡിപിക്കു സമീപം, ഇളങ്ങുളം പള്ളിക്കു സമീപവും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു വേഗം നിയന്ത്രിച്ചു. ട്രാഫിക് കോണുകൾ റോഡിൽ നിരത്തി വാഹനങ്ങളുടെ താൽക്കാലിക സ്പീഡ് ബ്രേക്കറുകൾ ഒരുക്കിയെങ്കിലും ഇവയെല്ലാം വാഹനങ്ങൾ ഇടിച്ചു തകർന്നിരുന്നു. ഇതിനെ തുടർന്നാണു കൂടുതൽ സ്ഥിരം സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

ഉറക്കം വരാതിരിക്കാൻ മുഖം കഴുക്കിൽ

വാഹനം ഡ്രൈവ് ചെയ്തു വരുന്നവർ ഉറങ്ങി പോകാതിരിക്കുവാനും നടപടി സ്വീകരിച്ചിരുന്നു. തീർഥാടന വാഹനങ്ങൾ നിർത്തിച്ചു ഡ്രൈവർമാരുടെ മുഖം കഴുകിപ്പിച്ച ശേഷമാണു വിട്ടിരുന്നത്ത്.