പൊൻകുന്നം-പാലാ റോഡ് അപായരഹിതം

പൊൻകുന്നം ∙ ‘ഇനി പേടികൂടാതെ റോഡരികിലൂടെ നടക്കാം; പഴി കേൾക്കാതെ പൊലീസിനും. അമിത വേഗത്തിനു തടയിട്ടപ്പോൾ അപകടമില്ലാതൊരുമാസം പിന്നിട്ടു. മനുഷ്യജീവൻ സംരക്ഷിക്കാൻ നമുക്കിതു മാതൃകയാക്കാം’ എല്ലാവരും കയ്യൊഴിഞ്ഞ പൊൻകുന്നം-പാലാ റോഡിൽ പൊലീസ് സ്വന്തം നിലയിൽ ഒരുക്കിയ സുരക്ഷാ സംവിധാനം വിജയത്തിലെത്തിച്ചതിന്റെ ആഹ്ലാദത്തിലാണു പൊൻകുന്നം പൊലീസ്. ഒരു മാസത്തിനുള്ളിൽ ആകെ ഉണ്ടായതു ചെറിയ ഒരു അപകടം മാത്രം. പുലർച്ചെ മീനുമായെത്തിയ മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞെങ്കിലും ആളപായമില്ലായിരുന്നു.

∙ അരയും തലയും മുറുക്കി പൊലീസ് ഇറങ്ങിയത് 29 മുതൽ കഴിഞ്ഞ മാസം 29 മുതലാണു പൊൻകുന്നം മുതൽ മഞ്ചക്കുഴി വരെയുള്ള ഭാഗങ്ങളിൽ പൊലീസ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ തുടങ്ങിയത്. 28നു നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ അമിത വേഗത്തിലെത്തിയ ശബരിമല തീർഥാടകരുടെ കാറിടിച്ചു കെട്ടുമുറുക്കിനു കാർമികത്വം വഹിക്കാനെത്തിയയാൾ മരിച്ചതോടെയാണു പൊലീസ് കർശന നടപടികളുമായി ഇറങ്ങിത്തിരിച്ചത്.

സ്പീഡ് ബ്രേക്കറിനൊപ്പം വാഹന പരിശോധനയും കർശനമാക്കിയിരുന്നു. ഇതോടെ ദിനംപ്രതിയെന്നോണം അരങ്ങേറിയിരുന്ന അപകടങ്ങൾക്കു വിരാമമായി. ഇന്റർസെപ്റ്റർ, കൺട്രോൾ യൂണിറ്റ്, ഹൈവേ പൊലീസ് എന്നിവയുടെ നേത‍ൃത്വത്തിൽ ശക്തമായ പരിശോധനയും പൊലീസിന്റെ ശുഭയാത്ര വാഹന ബോധവൽക്കരണവും സജീവമായതോടെയാണ് അപകടങ്ങൾക്ക് അറുതിയായത്.

∙ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു വാഹനങ്ങളുടെ വേഗം തന്നെയാണ് അപകടങ്ങൾക്കു മുഖ്യകാരണമെന്നുള്ള തിരിച്ചറിവിൽ കൂടുതൽ വേഗമെടുക്കുന്ന സ്ഥലങ്ങളിൽ പൊലീസ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. ഇത് ഏറെ ഫലപ്രദമായിരുന്നെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ പറ‍ഞ്ഞു. ഒന്നാംമൈൽ വേബ്രിഡ്ജിനു സമീപം, ആർടി ഓഫിസിനു സമീപം, രണ്ടാം മൈൽ എസ്എൻഡിപിക്കു സമീപം, ഇളങ്ങുളം പള്ളിക്കു സമീപവും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു വേഗം നിയന്ത്രിച്ചു. ട്രാഫിക് കോണുകൾ റോഡിൽ നിരത്തി വാഹനങ്ങളുടെ താൽക്കാലിക സ്പീഡ് ബ്രേക്കറുകൾ ഒരുക്കിയെങ്കിലും ഇവയെല്ലാം വാഹനങ്ങൾ ഇടിച്ചു തകർന്നിരുന്നു. ഇതിനെ തുടർന്നാണു കൂടുതൽ സ്ഥിരം സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

∙ ഉറക്കം വരാതിരിക്കാൻ മുഖം കഴുക്കിൽ വാഹനം ഡ്രൈവ് ചെയ്തു വരുന്നവർ ഉറങ്ങി പോകാതിരിക്കുവാൻ വാഹനങ്ങൾ നിർത്തിച്ചു ഡ്രൈവർമാരുടെ മുഖം കഴുകിപ്പിച്ച ശേഷമാണു തീർഥാടക വാഹനങ്ങൾ പറഞ്ഞു വിട്ടിരുന്നത്ത്. ഇതിനൊപ്പം ട്രാഫിക് സുരക്ഷ സംബന്ധിച്ചു ബോധവൽക്കരണവും നടത്തുന്നുണ്ട്. ടൗണിൽ ജനമൈത്രി പൊലീസിന്റെ ചുക്കുകാപ്പി വിതരണം എല്ലാദിവസവും രാത്രി പുലരുവോളം നടക്കുന്നുണ്ട്. ഇതോടൊപ്പം പൊൻകുന്നത്തെ ടാക്സി ഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റി സോഷ്യൽ മീഡിയാ വഴി ബോധവൽക്കരണവും നടത്തുന്നുണ്ടായിരുന്നു.

∙ രണ്ടു വർഷത്തിനിടെ മരിച്ചത് 18 പേർ പൊൻകുന്നം–പാലാ റോഡ് കെഎസ്ടിപി നവീകരിച്ചിട്ടു രണ്ടുവർഷം പിന്നിടുമ്പോൾ റോഡിൽ പൊലിഞ്ഞത് 18 ജീവനുകൾ. 185 അപകടങ്ങളിലായി 92 പേർക്കു പരുക്കേറ്റു. ഒരു ദിവസം തന്നെ രണ്ടും മൂന്നും അപകടങ്ങൾ വരെയുണ്ടായിട്ടുണ്ട്. രണ്ടുവർഷവും ഒൻപതു മാസവുമെടുത്താണു റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. ബിഎംബിസി സാങ്കേതികതയിൽ ദേശീയ നിലവാരത്തിൽ റോഡ് നവീകരിച്ചതോടെ റോഡിന്റെ മുഖച്ഛായ തന്നെ മാറി. റോഡിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകാൻ തുടങ്ങിയതോടെ അപകടങ്ങളും പതിവായി.

∙ ഓവർ സ്പീഡിന് പിടിയിലായത് 106 പേർ. പൊലീസ് സുരക്ഷ സംവിധാനം ഒരുക്കിയ ഒരുമാസത്തിനിടയ്ക്ക് ഓവർ സ്പീഡിനു പിടിയിലായതു 106 പേർ. സംവിധനം ഒരുക്കി 15 ദിവസത്തിനുള്ളിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തതെന്നു ഡിവൈഎസ്പി പറഞ്ഞു. ക്യാമറ ചെക്കിങ് ഉള്ളതിനാൽ ഇപ്പോൾ അമിത വേഗക്കാരെല്ലാം മര്യാദക്കാരായിരിക്കുകയാണെന്നു സിഐ: സി.ആർ.പ്രമോദ്, എസ്ഐ: എ.സി.മനോജ് കുമാർ എന്നിവർ പറഞ്ഞു.

∙ സ്പീഡ് ബ്രേക്കറിനെതിരെ വിവരാവകാശവും പിപി റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചതിനെതിരെ വിവരാവകാശം തേടി അപേക്ഷകൾ എത്താൻ തുടങ്ങിയതായി ഡിവൈഎസ്പി പറഞ്ഞു. ഹൈക്കോടതി നിർശമുള്ളതിനാൽ സ്പീഡ് ബ്രേക്കറുകൾ എടുത്തു മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമല തീർഥാടകരുടെ സുരക്ഷകൂടി മുൻ നിർത്തിയാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയതെന്നു പൊലീസ് പറഞ്ഞു.