പൊൻകുന്നം–പുനലൂർ പാതയുടെ പുനർനിർമാണം ഉടൻ: മന്ത്രി

പൊൻകുന്നം : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം–പുനലൂർ പാതയുടെ പുനർനിർമാണം ഉടൻ ആരംഭിക്കുമെന്നും ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി ജി.സുധാകരൻ. പുനലൂർ – പൊൻകുന്നം പാതയുടെ പുനർനിർമാണത്തിനായി പുനലൂർ–കോന്നി (29.84 കി.മീ), കോന്നി– പ്ലാച്ചേരി (30.16 കി.മീ), പ്ലാച്ചേരി – പൊൻകുന്നം (22.17 കി.മീ) എന്നിങ്ങനെ മൂന്ന് റീച്ചുകളിലായി 698.26 കോടി രൂപയാണ് വകയിരുത്തിയത്.

പ്രവൃത്തി പരിചയവും സാങ്കേതിക ഉപകരണലഭ്യതയും പരിഗണിച്ചാണ് കരാറുകാരനെ കണ്ടെത്തുന്നത്. നിർമാണ ശേഷം 5 വർഷം റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ഉത്തരവാദിത്തം കരാറുകാരനാണ്. ലോകബാങ്ക് ധനസഹായത്തോടെയുള്ള കെഎസ്ടിപിയുടെ രണ്ടാംഘട്ട പദ്ധതിയുടെ കാലാവധി 2019ൽ അവസാനിക്കാനിരിക്കെ ഇൗ പദ്ധതിയിലുൾപ്പെട്ട പുനലൂർ–പൊൻകുന്നം റോഡ് വികസനം മുടങ്ങി.

ഇതിനൊപ്പം താറുമാറായ റോഡ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഗതാഗതയോഗ്യമാക്കി. പുനലൂർ – പൊൻകുന്നം റോഡ് നവീകരണം സർക്കാർ ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇപിസി മാതൃകയിൽ ചെയ്യുന്നതിനു തീരുമാനിച്ചു.