പൊൻകുന്നം പൊലീസ് സ്റ്റേഷൻ ശിശു – വനിത സൗഹൃദ പൊലീസ് സ്റ്റേഷൻ ആകുന്നു

പൊൻകുന്നം ∙ ഇനി പൊൻകുന്നത്ത് എത്തുന്ന അമ്മമാർക്ക് കുഞ്ഞിനെ താരാട്ടു പാടി ഉറക്കാൻ, മുലപ്പാൽ നൽകാൻ മറ്റൊരു സൗകര്യം തേടേണ്ട. പൊൻകുന്നം ജനമൈത്രി പൊലീസ് സ്റ്റേഷനിൽ അതിനുള്ള സൗകര്യം ലഭ്യമാകും. പൊൻകുന്നം പൊലീസ് സ്റ്റേഷൻ ശിശു – വനിത സൗഹൃദ പൊലീസ് സ്റ്റേഷൻ ആകുകയാണ്.

∙ സംസ്ഥാനത്തെ 5 എണ്ണത്തിൽ ഒന്ന്
രാജ്യത്തെ ആദ്യ ശിശു – വനിത സൗഹൃദ പൊലീസ് സ്റ്റേഷനായ കടവന്ത്ര സ്റ്റേഷന് പുറമേ സംസ്ഥാനത്തെ 5 പൊലീസ് സ്റ്റേഷനുകൾ കൂടി ശിശു – വനിത സൗഹൃദമാകുന്നു എന്നതിന്റെ ഭാഗമായാണ് പൊൻകുന്നം സ്റ്റേഷൻ ശിശു – വനിത സൗഹൃദം ആകുന്നത്.
പൊലീസ് സ്റ്റേഷനിൽ സൗകര്യം ഒരുക്കുന്നതിന് കാർ ഷെഡ് നിൽക്കുന്ന സ്ഥലത്ത് 16 ലക്ഷം രൂപയിൽ കെട്ടിടം നിർമിക്കാനാണ് പദ്ധതി. ഇതിനായി 16 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നു ലഭ്യമാക്കാൻ തയാറാണെന്ന് ഡോ.എൻ.ജയരാജ് എംഎൽഎ പറഞ്ഞു.

എന്നാൽ പൊലീസ് സ്റ്റേഷന് തുക അനുവദിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്നും ഇതിനായി പൊലീസ് അധികൃതർ മുൻകയ്യെടുക്കണമെന്നും എംഎൽഎ പറഞ്ഞു.

ലക്ഷ്യം ശിശു – വനിത സുരക്ഷ
അരക്ഷിത സാഹചര്യങ്ങളിൽ പൊലീസ് സ്റ്റേഷനിൽ അഭയം തേടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണ് സർക്കാർ പൊലീസ് സ്റ്റേഷനുകളിൽ ഈ മാതൃക നടപ്പിലാക്കുന്നത്.
യാത്രയ്ക്കിടെ കൈക്കുഞ്ഞുമായി എത്തുന്ന വനിതകൾക്കും വീട്ടമ്മമാർക്കും വിശ്രമിക്കാനും, കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ഉല്ലാസം നടത്തുന്നതിനും സൗകര്യവും സ്റ്റേഷനിൽ ഉണ്ടാകും. ശിശു – വനിത സൗഹൃദ പൊലീസ് സ്റ്റേഷനിൽ ആശങ്ക ഇല്ലാതെ പരാതികളും പങ്കുവയ്ക്കാം.