പൊൻകുന്നം സംഘർഷം: 50 പേർക്കെതിരെ കേസ്

പൊൻകുന്നം∙ ചിറക്കടവിൽ മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റ സംഭവത്തിൽ പരുക്കേറ്റവർ നൽകിയ മൊഴിപ്രകാരം മൂന്നു പേർക്കെതിരെ പൊൻകുന്നം പൊലീസ് കേസെടുത്തു. എന്നാൽ, സംഭവത്തിൽ ഒരാൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും മറ്റു രണ്ടു പേരും നിരപരാധികളാണെന്നും ബിജെപി നേതൃത്വം ആക്ഷേപം ഉന്നയിച്ചതോടെയാണ് അറസ്റ്റ് നീളുന്നത്.

സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. നിരപരാധികളെ കേസിൽ കുടുക്കിയെന്ന കേസുകൾ ഈയിടെ പൊലീസിനു തലവേദനയായിരുന്നു. എന്തായാലും കൂടുതൽ അന്വേഷണത്തിനു ശേഷമേ അറസ്റ്റ് രേഖപ്പെടുത്താനിടയുള്ളൂ.

വെട്ടേറ്റ സംഭവത്തിനു ശേഷം മേഖലയിൽ നടന്ന അക്രമങ്ങളിൽ സിപിഎമ്മിന്റെയും ബിജെപി യുടെയും പരാതിയിൽ കണ്ടാലറിയാവുന്ന 50 പേരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റ സംഭവത്തിനു ശേഷം മേഖലയിൽ വ്യാപക അകമമാണ് അരങ്ങേറിയത്.

ചിറക്കടവിലും സമീപ പ്രദേശങ്ങളിലും സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി ആരോപിച്ചു. തെക്കേത്തുകവല, മണക്കാട്ട്, ചെറുവള്ളി തുടങ്ങിയ മേഖലകളിലെല്ലാം ഇതാണു സ്ഥിതി. ആദ്യ സംഘർഷം ഉണ്ടായ സമയത്തു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതു ബിജെപി പ്രവർത്തകരാണ്.

നിർഭാഗ്യവശാൽ അതിനുശേഷം സംഘപരിവാർ പ്രവർത്തകരുടെ വീടും വാഹനങ്ങളും തിരഞ്ഞുപിടിച്ചു സിപിഎം ആക്രമിക്കുകയായിരുന്നു. ഇതു സിപിഎമ്മിന്റെ ആസൂത്രിത നീക്കമായിരുന്നു. ഈ വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഹരി പറഞ്ഞു.