പൊൻകുന്നം സ്റ്റാൻഡിൽ കയറുന്ന ബസുകൾ പുറത്തേയ്ക്കിറങ്ങാൻ വൈകുന്നു

പൊൻകുന്നം ∙ ഒരു ബസ് ഒരു മിനിറ്റിൽ കൂടുതൽ പാർക്ക് ചെയ്താൽ ദേശീയപാതയിലെ ഗതാഗതം കുരുങ്ങുന്ന പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലെ ബസുകൾ യാത്രക്കാരെ കയറ്റുന്നത് റൺവേയിൽ നിർത്തിയിട്ട്. കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലെ തിരക്ക് മൂലം ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. റൺവേയിൽ നിർത്തിയിട്ട് ആളെ കയറ്റരുതെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ബസുകാർ അതൊന്നും കാര്യമാക്കിയിട്ടില്ല.

നിരങ്ങലാണ് പ്രശ്‌നം

ദേശീയപാതയിൽ ഓടുന്ന എല്ലാ ബസുകളും ബസ് സ്റ്റാൻഡിൽ കയറി ഇറങ്ങിപ്പോകേണ്ടവ ആയതിനാൽ പാർക്കിങ് അനുവദിച്ചിട്ടില്ല. നിർത്തി ആളെ ഇറക്കി കയറ്റി ഉടൻ കടന്നു പോകണം. എന്നാൽ ബസുകൾ നിശ്ചിത സമയം കഴിഞ്ഞും കടന്നു പോകാതെ നിരക്കിക്കൊണ്ടിരിക്കും. ഇതോടെ സ്റ്റാൻഡിനുള്ളിൽ ബസുകൾക്ക് കയറാൻ ഇടമില്ലാതെ കവാടത്തിൽ നിരനിരയായി ബസുകൾ കിടക്കും. ഇതിന്റെ ഫലമായാണ് ദേശീയപാതയിൽ ഗതാഗതം കുരുങ്ങുന്നത്.

ദിവസം 1000 ട്രിപ്പുകൾ

ബസ് സ്റ്റാൻഡിൽ ദിവസവുമെത്തുന്നത് 300 ബസുകൾ. സ്വകാര്യ ബസുകൾ മാത്രം 200ൽ അധികം. ബാക്കിയുള്ളവ കെഎസ്ആർടിസിയും. ഇത്രയും ബസുകൾ കുറഞ്ഞത് 1000 ട്രിപ്പുകൾക്കായി ബസ് സ്റ്റാൻഡിൽ കയറി ഇറങ്ങുന്നുണ്ട് ദിവസവും. പലപ്പോഴും അധികം സമയം ബസുകൾ ഇവിടെ നിർത്തിയിടുന്നു എന്ന വിഷയത്തിൽ തർക്കമുണ്ട്.

കാത്തിരിപ്പുകേന്ദ്രം ഇല്ല

പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ താഴത്തെ നിലയിൽ സ്ഥാപിച്ചിരിക്കുന്ന 8 ബഞ്ചുകളാണ് ഇവിടെയുള്ള കാത്തിരിപ്പു കേന്ദ്രം. ഏറിയാൽ 25 പേർക്ക് ഇരിക്കാവുന്ന ഭാഗത്തിന് എതിർവശത്താണ് പാർക്കിങ് സമയം അനുവദിച്ചിട്ടുള്ള ബസുകൾ നിർത്തിയിടുന്നത്. അവിടേക്ക് യാത്രക്കാർ എത്തുന്നത് സ്റ്റാൻഡിൽ കയറിയിറങ്ങിപ്പോകുന്ന ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനിടയിലൂടെ.

ഇതിനിടയിൽ ബസ് പിടിക്കാനായി യാത്രക്കാരുടെ ബസുകൾക്ക് ഇടയിലൂടെയുള്ള നെട്ടോട്ടം അപകടത്തിനിടയാക്കുന്നു. ബസുകൾ തിരക്കിട്ട് യാത്രക്കാരെ കയറ്റി മത്സരിച്ചോടാൻ കിടക്കുമ്പോൾ കാൽനട യാത്രക്കാരുടെ ജീവൻ അപകടത്തിലാണ്.

വേണ്ടത്

പാലാ, മണിമല, പള്ളിക്കത്തോട്, ചേനപ്പാടി തുടങ്ങി വിവിധ റൂട്ടുകളിലേക്കുള്ള 20 മിനിറ്റു വരെ പാർക്കിങ് സമയം അനുവദിച്ചിട്ടുള്ള ബസുകളാണ് വടക്കു ഭാഗത്ത് എൻഎസ്എസ് യൂണിയൻ കെട്ടിടത്തിനു മുൻപിൽ നിർത്തിയിടുന്നത്. ഈ ഭാഗത്തേക്കുള്ള ബസുകളിൽ കയറുന്നവർക്ക് കാത്തിരിക്കാൻ ഒരിടം വേണം.

സ്റ്റാൻഡിന്റെ കിഴക്കു ഭാഗത്ത് പുതിയകാവ് ക്ഷേത്രം റോഡിനോട് ചേർന്നുള്ള ഭാഗത്ത് കാത്തിരിപ്പു കേന്ദ്രവും ഇരിപ്പിടങ്ങളും സ്ഥാപിക്കുകയാണെങ്കിൽ ബസുകൾക്ക് ഇടയിലൂടെയുള്ള യാത്രക്കാരുടെ പാച്ചിൽ ഒഴിവാക്കാനാവും.