പൊൻകുന്നത്ത് തെരുവുനായ് ശല്യം രൂക്ഷം


പൊൻകുന്നം ∙ കയ്യിലൊരു വടിയില്ലാതെ റോഡിലേക്കിറങ്ങിയാൽ തെരുവുനായ്ക്കളുടെ കടി ഉറപ്പ്–  പൊൻകുന്നം ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് ഈ സ്ഥിതി. പത്രം, പാൽ വിതരണക്കാരും പ്രഭാത നടത്തത്തിന് ഇറങ്ങുന്നവരും ഭീതിയിലാണ്. രാവിലെയും വൈകിട്ടും റോഡിൽ കിടന്നു കടിപിടി കൂടുന്ന നായ്ക്കൂട്ടം ഇരുചക്ര വാഹന യാത്രക്കാരുടെ  പേടിസ്വപ്നമാണ്. രാത്രി ബൈക്കിനു കുറുകെ ചാടുന്നതു കാരണമുണ്ടാകുന്ന അപകടങ്ങളും ഏറെ. ബാധ്യതയായി മാറുന്ന വളർത്തു നായ്ക്കളെ ഉപേക്ഷിക്കുന്നതാണു തെരുവുനായ് ശല്യം രൂക്ഷമാകാൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു. നായ്ശല്യം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പത്രവിതരണക്കാരന് പരുക്ക് 

പത്ര വിതരണത്തിനിടെ കാവാലി മാക്കൻ കുടുംബിയാംകുഴി ഈറ്റുവേലിൽ അബ്ദുൽ ബഷീറിനെ നായ്ക്കൂട്ടം ആക്രമിച്ചു. കയ്യിലും കാലിലും പരുക്കേറ്റ ബഷീർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ  ചികിത്സ  തേടി