പൊൻകുന്നത്ത് വാഹനങ്ങൾക്കു നേരെ വീണ്ടും ആക്രമണം

പൊൻകുന്നം∙ കോയിപ്പള്ളി കോളനിയിൽ വാഹനങ്ങൾക്കു നേരെ വീണ്ടും അതിക്രമം. ഒരു ഓട്ടോയുടെ ഡീസൽ ടാങ്കിലും എൻജിനിലും ഉപ്പു നിറച്ചും മറ്റൊരു ഓട്ടോയുടെ ടയറുകൾ കുത്തിക്കീറിയ ശേഷം ടയറുകളിൽ നിറയെ ആണി തറച്ചുമാണ് ഉപയോഗശൂന്യമാക്കിയത്. കോയിപ്പള്ളി സ്വദേശിയായ പലഹാരക്കച്ചവടം നടത്തുന്ന പ്രദീപിന്റെ ഓട്ടോയാണ് ഉപ്പിട്ടു നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീടിന്റെ പരിസരത്തു നിർത്തിയിട്ടിരുന്നതാണ് ഓട്ടോ.

ഓട്ടോയുടെ ടയറുകൾ കുത്തിക്കീറി നശിപ്പിച്ചതും രാത്രിയിലാണ്. കഴിഞ്ഞ ദിവസം കോയിപ്പള്ളിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാനിന്റെ ചില്ലുകൾ സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തിരുന്നു. മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറിയും പത്രത്തിന്റെ പ്രാദേശിക ലേഖകനുമായ ടി.എ.ഷിഹാബുദ്ദീന്റെ വാനാണ് രാത്രിയിൽ തകർത്തത്. ഈ സംഭവങ്ങളിലെല്ലാം പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.