പോരാട്ടം ഫലം കണ്ടു; രാജേന്ദ്രന്റെ വീടിന് നമ്പരായി

എരുമേലി ∙ വീട് നമ്പർ 423 എ, വാർഡ് നമ്പർ ഏഴ്. പഞ്ചായത്ത് അധികൃതർ നാട്ടിലെ എല്ലാ വീടുകളുടെയും മുൻകതകിൽ പതിപ്പിക്കുന്ന വെറുമൊരു കാർഡല്ല രാജേന്ദ്രനെ സംബന്ധിച്ചിടത്തോളം ഈ നമ്പർ. നാലുവർഷം നടത്തിയ പോരാട്ടത്തിന്റെ ശുഭപര്യവസായിയായ കഥ ഈ നമ്പരിനു പിന്നിലുണ്ട്. ഇന്നലെ രാജേന്ദ്രനു വീട്ടുനമ്പർ ലഭിച്ചു. രാജേന്ദ്രനെ അറിയില്ലേ? വീട്ടുനമ്പർ ലഭിക്കാതിരുന്നതിന്റെ പേരിൽ എരുമേലി പഞ്ചായത്തിലെ 22 അംഗങ്ങളെയും ഒറ്റയടിക്ക് ഓംബുഡ്സ്മാനു മുന്നിലെത്തിച്ചത് എരുമേലി കൊരട്ടി വെട്ടിക്കൊമ്പിൽ രാജേന്ദ്രന്റെ പരാതിയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് രാജേന്ദ്രൻ കൊരട്ടിയാറിന്റെ തീരത്തു വീടുവച്ചത്. വീടിരിക്കുന്ന സ്ഥലം പുറമ്പോക്കാണെന്നു പറഞ്ഞ് നമ്പർ കൊടുത്തില്ല.

എന്നാൽ മൂന്നുതവണ സർവേയർമാർ അളന്നിട്ടും പുറമ്പോക്ക് കണ്ടെത്താനായില്ല. എന്നിട്ടും നമ്പർ നൽകാഞ്ഞതിനാൽ രാജേന്ദ്രൻ ഓംബുഡ്സ്മാനിലും പിന്നീടു ഹൈക്കോടതിയിലും പരാതി നൽകി. വീട്ടുനമ്പർ ഇല്ലാത്തതുമൂലം വൈദ്യുതി കണക്‌ഷൻ എടുക്കാനും മക്കളുടെ പേര് വോട്ടർപ്പട്ടികയിൽ ചേർക്കാനും രാജേന്ദ്രൻ നന്നേ പാടുപെട്ടു. കോടതികൾ കയറിയിറങ്ങി പണവും സമയവും ഏറെ പാഴായി. ഇതിനിടെയാണ് രണ്ടാഴ്ചയ്ക്കകം രാജേന്ദ്രനു വീട്ടുനമ്പർ കൊടുക്കാൻ ഹൈക്കോടതി ഈ മാസം ആദ്യവാരം നിർദേശം നൽകിയതും തുടർന്നു പഞ്ചായത്ത് അനുസരിച്ചതും.