പോലീസ് മുമ്പാകെ കീഴടങ്ങിയ നടന്‍ കലാഭവന്‍ മണിക്ക് കോടതി ജാമ്യം അനുവദിച്ചു.

1ചാലക്കുടി: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ചെന്ന കേസില്‍ പോലീസ് മുമ്പാകെ കീഴടങ്ങിയ നടന്‍ കലാഭവന്‍ മണിക്ക് കോടതി ജാമ്യം അനുവദിച്ചു. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉച്ചയ്ക്ക് 1.50 ഓടെയാണ് ചാലക്കുടി വെറ്റിലപ്പാറ പോലീസ് സ്‌റ്റേഷനില്‍ മണി കിഴടങ്ങിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി കലാഭവന്‍ മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴടങ്ങാനാണ് നീതിപീഠവും നിര്‍ദേശിച്ചത്. നല്ല വിധി പറഞ്ഞ കോടതിക്കും സര്‍ക്കാരിനും നന്ദിയെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷമുള്ള കലാഭവന്‍ മണിയുടെ പ്രതികരണം.

ആതിരപ്പിള്ളി വനമേഖലയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന വനപാലകരെ മെയ് 14 ന് രാത്രിയാണ് നടന്‍ കലാഭവന്‍ മണിയും സംഘവും മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ചാര്‍പ്പ റേഞ്ച് കണ്ണന്‍കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ യു.ജി. രമേശന്‍, അതിരപ്പിള്ളി വനസംരക്ഷണസമിതി സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ പി. രവീന്ദ്രന്‍ എന്നിവരെ ചാലക്കുടി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മണിക്കും സുഹൃത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അതിരപ്പിള്ളി പോലീസ് കേസെടുത്തത്. ഇതിനിടെ വനപാലകര്‍ തങ്ങളെ ആക്രമിച്ചെന്ന് മണിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യയും നല്‍കിയ പരാതിയില്‍ വനപാലകര്‍ക്കെതിരെയും കേസ്സെടുക്കുകയുണ്ടായി.

മാവോയിസ്റ്റ് ഭീഷണിയുടെയും നായാട്ടിന്റെയും പശ്ചാത്തലത്തില്‍ ആനമല റോഡില്‍ പോലീസും വനപാലകരും വാഹനപരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയില്‍ അതിരപ്പിള്ളി ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് വന്ന കാറിനെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകര്‍ കൈകാണിച്ച് നിര്‍ത്തി, വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കാറില്‍ മണിയുടെ സുഹൃത്തും കുടുംബവുമാണ് ഉണ്ടായിരുന്നത്. സ്ത്രീ ഉണ്ടായിരുന്നതിനാല്‍ വാഹനത്തിന്റെ ഡിക്കി മാത്രം തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മണി അതിന് സമ്മതിച്ചില്ലെന്ന് വനപാലകര്‍ പറഞ്ഞു.

മാത്രമല്ല, മണി അസഭ്യം പറഞ്ഞതായും വനപാലകര്‍ പറഞ്ഞു. വാഹനം പരിശോധിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ അപകടകരമായ രീതിയില്‍ മുന്നോട്ടെടുത്ത് കാര്‍ പാഞ്ഞുപോയി. 15 മിനിറ്റിന് ശേഷം മണി, കാര്‍ അമിതവേഗത്തില്‍ ഓടിച്ചു വന്ന് വനപാലകരെ ഇടിക്കാന്‍ ശ്രമിച്ചതായി മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. വനപാലകര്‍ ഓടിമാറിയതിനാല്‍ അപകടമുണ്ടായില്ല. വാഹനത്തില്‍നിന്നിറങ്ങിയ മണിയും ‘ഡോക്ടര്‍’ എന്ന് വിളിക്കപ്പെട്ട സുഹൃത്തും ചേര്‍ന്ന് ബീറ്റ് ഓഫീസര്‍ രവീന്ദ്രനെ മര്‍ദ്ദിച്ചെന്നാണ് പരാതി. തലയിലും കഴുത്തിലും നെഞ്ചിലും പുറത്തും ഇടിച്ചു. തടയാനായി വന്ന ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും ബീറ്റ് ഓഫീസര്‍ പ്രിന്‍സ് ജോസഫ് തട്ടില്‍, ഫോറസ്റ്റ് ഡ്രൈവര്‍ കലാധരന്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.

അക്രമം തുടര്‍ന്നപ്പോള്‍ പോലീസെത്തിയാണ് ഇരുകൂട്ടരേയും സ്റ്റേഷനിലെത്തിച്ചത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വനപാലകര്‍ വഴങ്ങിയില്ല. മണിക്കെതിരെ കേസെടുക്കണമെന്ന് വനപാലകര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ കലാഭവന്‍ മണി മുന്‍കൂര്‍ ജാമ്യം കൂടി ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഒടുവില്‍ കോടതി നിര്‍ദേശപ്രകാരം പോലീസ് മുമ്പാകെ കീഴടങ്ങിയത്.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)