പോളിങ് ബൂത്ത് വേണം; പരാതി നൽകി

കാഞ്ഞിരപ്പള്ളി∙ മണങ്ങല്ലൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പോളിങ് ബൂത്ത് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പിയുസിഎൽ ജില്ലാ ജനറൽ സെക്രട്ടറി എച്ച് അബ്ദുൾ അസീസ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷനംഗം ബിന്ദു എം തോമസിനു പരാതി നൽകി. മണങ്ങല്ലൂരിൽ 1950 മുതൽ പ്രവർത്തിച്ചുവരുന്ന ഗവ. എൽ.പി സ്‌കൂളിലായിരുന്നു പോളിങ് ബൂത്ത് ഉണ്ടായിരുന്നത്.

എന്നാൽ കുട്ടികൾ കുറവായതിന്റെപേരിൽ 1993 ൽ സ്കൂൾ നിർത്തലാക്കിയതോടെ പോളിങ് ബൂത്തും ഇല്ലാതായി. വോട്ട് ചെയ്യാൻ അഞ്ചു കിലോമീറ്റർ അകലെയുള്ള കൂവപ്പള്ളി, കൊരട്ടി, എന്നിവിടങ്ങളിൽ എത്തേണ്ടിവരുന്നതായും പരാതിയിൽ പറയുന്നു.

2008 മുതൽ കൂവപ്പള്ളിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാ‍ഞ്ഞിരപ്പള്ളി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ പഴയ സ്കൂൾ കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ചു. എന്നാൽ ഇവിടെ ഉണ്ടായിരുന്ന പോളിങ് ബൂത്ത് പുനഃസ്ഥാപിച്ചിട്ടില്ല.

പ്രദേശത്തെ വോട്ടർമാരിൽ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തിൽപെട്ടവരാണെന്നും അതിനാൽ മണങ്ങല്ലൂരിൽ പോളിങ് ബൂത്ത് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണു പരാതി നൽകിയത്.

പരാതി സ്വീകരിച്ച കമ്മിഷൻ ജില്ലാ കലക്ടർ, തഹസിൽദാർ, കൂവപ്പള്ളി വില്ലേജ് ഓഫിസർ, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരോട് ഇതു സംബന്ധിച്ചു 13ന് കോട്ടയം കലക്‌ടറേറ്റിൽ നടക്കുന്ന സിറ്റിങ്ങിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു നോട്ടിസ് നൽകി.