പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കാഞ്ഞിരപ്പള്ളി: കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ ജനുവരി മുതല്‍ മേയ് 31 വരെ 29 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചതായി പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ജിന്‍സ് ഫ്രാന്‍സിസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി. ജോയി എന്നിവര്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 14 വാര്‍ഡുകളാണ് കാളകെട്ടി പിഎച്ച്സിയുടെ കീഴിലുള്ളത്. ഈ വാര്‍ഡുകളിലെല്ലാം ശുചിത്വ കമ്മിറ്റി ചേരുകയും അതാതു വാര്‍ഡിലെ മെംബര്‍ ചെയര്‍മാനായും ആരോഗ്യപ്രവര്‍ത്തകര്‍ കണ്‍വീനറായും ചേര്‍ന്ന് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി എല്ലാ ആഴ്ചകളിലും നടത്തിവരുന്നു.

കൊതുകിന്റെ സാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ഏഴു റൌണ്ട് ഫോഗിംഗും നടത്തി. ഈ മേഖലയില്‍ നാലു മെഡിക്കല്‍ ക്യാമ്പുകളും നടത്തിക്കഴിഞ്ഞു. തമ്പലക്കാട് വേദവ്യാസ സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികളുടെ സഹായത്തോടെ തമ്പലക്കാട് പ്രദേശത്തെ വീടുകളില്‍ കൊതുകിന്റെ ഉറവിട നശീകരണം ഇന്നലെ നടത്തി. 22ന് വില്ലണി ആംഗന്‍വാടിയില്‍ മെഡിക്കല്‍ക്യാമ്പ് നടത്തും. വാര്‍ഡിലെ ശുചിത്വ കമ്മിറ്റിയുടെ ആവശ്യപ്രകാരം വേണ്ട സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തയാറാണെന്ന് ഇവര്‍ അറിയിച്ചു.