പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾകൊപ്പം ഡോ.എന്‍ ജയരാജ് എം എല്‍ എ മുന്നിട്ട്‌ ഇറങ്ങി പട്ടിമറ്റം -പൂതകുഴി റോഡിന്റെ നിര്‍മ്മാണ പ്രശ്നം പരിഹരിച്ചു

1-web-poothakuzhi-road
കാഞ്ഞിരപ്പള്ളി:പട്ടിമറ്റം -പൂതകുഴി റോഡിന്റെ നിര്‍മ്മാണം നാട്ടുകാരുടെ ഒറ്റകെട്ടായ പരിശ്രമം മൂലം ഫലം കണ്ടു.

നിലവിലെ 6 മീറ്റര്‍ വീതിയുള്ള റോഡ്‌ 8മീറ്റര്‍ ആയി നിജപ്പെടുത്തി പൊതുമരാമത്തിനു കൈമാറുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയായിരുന്നു.

അര സെന്റ്‌ മുതല്‍ നാല്‍പ്പത് സെന്റ്‌ സ്ഥലം വരെ 80ഓളം കുടുംബങ്ങള്‍ തികച്ചും സൌജന്യമായിട്ടാണ് റോഡ്‌ നിര്‍മ്മാണത്തിന് നല്‍കിയത്.

എന്നാല്‍ സമ്പന്നനായ ഒരു വ്യക്തിയുടെ (കേവലം നാല് സെന്റ്‌ സ്ഥലം നല്‍കേണ്ടിയിരുന്ന )നിഷേധാത്മക നിലപാട് റോഡ്‌ നിര്‍മ്മാണത്തിന് തടസ്സമാകുകയായിരുന്നു.ഇതിന്റെ ഭാഗമായി വാര്‍ഡ്‌ മെമ്പര്‍മാരായ കെ എസ് സുരേന്ദ്രന്റെയും,പി എ ഷമീറിന്റെയും നേതൃതത്തില്‍ ഡോ.എന്‍ ജയരാജ് എം എല്‍ എ അടക്കമുള്ള 50-ല്‍പ്പരം പൊതുപ്രവര്‍ത്തകര്‍ ഈ വ്യക്തിയുമായി നിരവധിതവണ ചര്‍ച്ചനടത്തിയെങ്കിലും സ്ഥലംവിട്ടു നല്‍കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഇദ്ദേഹം.

ഒടുവില്‍ ഗത്യന്തരമില്ലാതെ കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിക്ക് പ്രദേശത്തെ നൂറു കണക്കിനാളുകള്‍ ഒന്ന് ചേര്‍ന്ന് ബലമായി റോഡ്‌ വെട്ടുവാനുള്ള തീരുമാനത്തിലെത്തിയിരുന്നു.പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് ഞായറാഴ്ച്ച പുലര്‍ച്ചെ തന്നെ സംഘടിതരായ ജനകൂട്ടത്തെ അടക്കി നിര്‍ത്തി വാര്‍ഡ്‌ മെമ്പര്‍മാരുടെ ശ്രമഫലമായി ഈ വ്യക്തിയുമായി അവസാനവട്ട അനുരഞ്ജന ചര്‍ച്ച നടത്തി.ചര്‍ച്ച നീണ്ടപ്പോള്‍ അക്ഷമരായ ജനകൂട്ടം റോഡ്‌ ബലമായി വെട്ടണമെന്ന നിലപാടാണ് സ്വീകരിച്ചത്.ഇവരെ നിയന്ത്രിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് നന്നേ പാടുപെടേണ്ടിവന്നു.

രാവിലെ ഒന്‍പതുമണിയോട് കൂടി സ്വകാര്യവ്യക്തിയുടെ അനുവാദത്തോടെ ജനങ്ങള്‍ സംഘടിച്ചു അളന്നുതിട്ടപെടുത്തിയ സ്ഥലം റോഡ്‌ നിര്‍മ്മാണത്തിനായി വെട്ടുകയായിരുന്നു.വന്‍ മരങ്ങള്‍ പോലും നിമിഷങ്ങള്‍ക്കുള്ളില്‍ വെട്ടിമാറ്റിയാണ് ജനങ്ങള്‍ റോഡ്‌ തുറന്നത്.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളും ജനപ്രതിനിധികളും ഒരുമിച്ചു പ്രവര്‍ത്തിച്ചതിനാലാണ് റോഡ്‌ നിര്‍മ്മാണം യാഥാര്‍ത്ഥ്യമായതെന്നു മെമ്പര്‍മാരായ കെ എസ് സുരേന്ദ്രനും,പി എ ഷമീറും കാഞ്ഞിരപ്പള്ളി ന്യുസിനോട് പറഞ്ഞു.വീതികൂട്ടിയ റോഡ്‌ മെമ്പര്‍മാര്‍ക്കൊപ്പം ഡോ.എന്‍ ജയരാജ് എം എല്‍ യും സന്ദര്‍ശിച്ചു
2-web-poothakuzhi-road