പ്രളയം കൊണ്ടുപോയ പാലം സർക്കാർ തിരികെ കൊണ്ടു വരുന്നില്ല

കോരുത്തോട് ∙ മൂഴിക്കൽ ഗ്രാമത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം പ്രളയം കൊണ്ടു പോയിട്ട് ഒരു വർഷം ആകുന്നു. പുതിയ പാലം എന്ന നാട്ടുകാരുടെ സ്വപ്നം ജലരേഖ ആകുമ്പോൾ നാടിന്റെ സഞ്ചാരം അപകടം നിറഞ്ഞ ചങ്ങാടം യാത്രയിൽ. രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിനുള്ള നടപടികൾ വൈകുന്നു.

കോട്ടയം ഇടുക്കി ജില്ലകളെ അഴുതയാർ അതിർത്തി നിർണയിക്കുന്ന കോരുത്തോട് ടൗണിൽ നിന്നു 300 മീറ്റർ മാറിയാണ് തോപ്പിൽ കടവ് പാലം. മൂഴിക്കൽ പ്രദേശത്തേക്കു മുൻപ് ഉണ്ടായിരുന്ന തൂക്കുപാലത്തിന് പാലത്തിന് പകരം 1992 ൽ പുതിയ പാലം നിർമിച്ചു. കഴിഞ്ഞ പ്രളയത്തിൽ അഴുതയാർ കരകവിഞ്ഞ് ഒഴുകിയപ്പോൾ പാലത്തിന്റെ ഇരു കരകളിലും 10 മീറ്റർ ഒഴികെ ശേഷിച്ച ഭാഗം തകർന്നു. ഓഗസ്റ്റ് 16 മുതൽ ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ നിവാസികളായ 300ൽ അധികം ആദിവാസി കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടമായി.

ഒറ്റപ്പെട്ടത് ഒരു ഗ്രാമം

പ്രളയത്തിൽ തകർന്ന കോരുത്തോട് തോപ്പിൽ കടവ് പാലത്തിന് സമീപത്ത് മൂഴിക്കൽ നിവാസികൾ ചങ്ങാടത്തിൽ സഞ്ചരിക്കുന്നു
കോട്ടയം ജില്ലയോടു ചേർന്നാണ് എങ്കിലും ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ എട്ടാം വാർഡാണ് മൂഴിക്കൽ ഗ്രാമം. ശബരിമല വനത്തോടു ചേർന്ന് കിടക്കുന്ന പ്രദേശത്ത് 350 കുടുംബങ്ങൾ താമസിക്കുന്നു. 130 ജനറൽ വിഭാഗക്കാർ ഒഴിച്ചാൽ ബാക്കിയുള്ളത് എസ്‌സി എസ്ടി വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബങ്ങളാണ്. ഇവർക്ക് പെരുവന്താനം പഞ്ചായത്തിൽ എത്തണമെങ്കിൽ കോരുത്തോട് മുണ്ടക്കയം വഴി 18 കിലോമീറ്റർ യാത്ര ചെയ്യണം. വില്ലേജ് ഓഫിസ്, അങ്കണവാടി, ഫോറസ്റ്റ് ഓഫിസ് എന്നിവയും മൂഴിക്കൽ ഗ്രാമത്തിൽ ഉണ്ട്.

അപകട വഴി

പാലം ഇല്ലാതായതോടെ ജനങ്ങൾക്ക് പുറം ലോകത്ത് എത്തണം എങ്കിൽ കുഴിമാവ് വഴി അഞ്ച് കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. വാഹന സൗകര്യം കുറവായ ഇവിടെ പകരമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചങ്ങാടം നിർമിച്ചു നൽകി. മുളകൊണ്ട് നിർമിച്ച ചങ്ങാടം കയർ വലിച്ചാണ് ആളുകൾ അക്കരെ കടക്കുന്നത്. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ഉപയോഗിക്കുന്നതും ചങ്ങാടം തന്നെ. മഴക്കാലം ആയി അഴുതയാറ്റിൽ ഒഴുക്ക് വർധിച്ചതോടെ ഇപ്പോൾ ഭീതിയിലാണ് യാത്ര.

അതുകൊണ്ട് തന്നെ കുട്ടികൾ കുഴിമാവ് വഴി നടന്നാണ് സ്കൂളിൽ എത്തുന്നത്. മഴക്കാലത്ത് വെള്ളം ഉയർന്നാൽ പൊക്കം കുറഞ്ഞ കുഴിമാവ് പാലത്തിലും വെള്ളം കയറും. ഇതോടെ വീണ്ടും എട്ട് കിലോമീറ്റർ അധികം സഞ്ചരിച്ച് ആനക്കല്ല് പാലം ആശ്രയിച്ച് പ്രധാന റോഡിൽ എത്തേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്.

നടപടികൾ ഫയലിൽ തന്നെ

പഞ്ചായത്ത് തയാറാക്കിയ ആറ് കോടി രൂപയുടെ എസ്റ്റിമേറ്റിനു പിന്നാലെ. പാലം തകരാനുള്ള കാരണങ്ങളും , പുതിയ പാലം പണിയുവാൻ എന്ത് നടപടികൾ സ്വീകരിക്കണം എന്നുമുള്ള ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അധികൃതർ സർക്കാരിന് സമർപ്പിച്ചു. എന്നാൽ ബജറ്റിലും പ്രളയ പുനർ നിർമാണ പദ്ധതിയിലും പാലത്തിന് ഇടം ലഭിച്ചില്ലെന്ന് അധികൃതർ പറയുന്നു.

വകുപ്പുതലത്തിൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും. പല തവണ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇ.എസ് ബിജിമോൾ എംഎൽഎ അറിയിച്ചു. പാലം തകർന്നതോടെ മന്ത്രിമാർ അടക്കം സ്ഥലം സന്ദർശിച്ചിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് എടുത്ത് നൽകിയത് പാലം എത്രയും വേഗം നിർമിച്ചില്ലെങ്കിൽ മഴക്കാലത്ത് എട്ടാം വാർഡ് ഒറ്റപ്പെടുന്ന അവസ്ഥയിൽ ആകുമെന്ന് പഞ്ചായത്ത് അംഗം ശ്യാമള മോഹനൻ പറയുന്നു.