പ്രളയത്തിൽ തകർന്ന് പഴയിടം കോസ്‌വേ

കാഞ്ഞിരപ്പള്ളി ∙ പഴയിടം കോസ്‌വേ പുനർനിർമിക്കണമെന്ന് ആവശ്യം. മണിമലയാറിനു കുറുകെയുള്ള പഴയിടം കോസ്‌വേയ്ക്കു പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചു. കേസ്‌വേയ്ക്കു മീതെ വെള്ളം കയറി ഒഴുകി കൈവരികൾ പൂർണമായും തകർന്നു. കല്ലും മരങ്ങളും മറ്റും ഒഴുകി വന്നിടിച്ച് തൂണുകൾക്കു ബലക്ഷയമുണ്ടായി. സ്കൂൾ കുട്ടികളടക്കം യാത്രചെയ്യുന്ന കോസ്‌വേയ്ക്കു കൈവരികളില്ലാത്തത് അപകടസാധ്യത വർധിപ്പിച്ചിരിക്കുകയാണ്.

പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്നു പത്തനംതിട്ട, റാന്നി തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകാവുന്ന റോഡിലെ പാലമാണിത്. ചിറക്കടവ്, എരുമേലി പഞ്ചായത്ത് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലംകൂടിയാണു പഴയിടം കോസ്‌വേ. പുതിയ പാലം നിർമിക്കണം. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച പഴയിടം, മുണ്ടക്കയം, മൂക്കൻപെട്ടി കോസ്‌വേകളുടെ പുനരുദ്ധാരണത്തിന് പൊതുമരാമത്തു വകുപ്പിന്റെ റോഡ്സ് ആൻഡ് ബ്രി‍ജസ് വിഭാഗം പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.