പ്രവര്‍ത്തനമികവുമായി ‘ശബരിജലം’ 4-ാം വര്‍ഷത്തിലേക്ക്

മൂഴിക്കല്‍ (കോരുത്തോട്): അഞ്ചുലക്ഷം ലിറ്റര്‍ കുപ്പിവെള്ളം ഉല്പാദിപ്പിക്കുകയെന്ന ദൗത്യവുമായി ‘ശബരിജലം’ 4-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു.

മണ്ഡലകാലം തുടങ്ങിയിട്ട് ഇതേവരെ രണ്ടുലക്ഷത്തോളം ലിറ്റര്‍ വെള്ളം ഉല്പാദിപ്പിച്ച് വിപണനംചെയ്തു. കഴിഞ്ഞ തവണത്തെ മൊത്തം ഉല്പാദനം 204000 ലിറ്റര്‍ ആയിരുന്നു.

വനംവകുപ്പും ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയും ചേര്‍ന്ന് നടത്തുന്ന മൂഴിക്കലിലെ കുപ്പിവെള്ള നിര്‍മാണ ശാലയില്‍ 35 താല്‍ക്കാലിക തൊഴിലാളികളും കെമിസ്റ്റ്, മൈക്രോ ബയോളജിസ്റ്റ് എന്നിവരുള്‍പ്പെടെ മറ്റ് അഞ്ച് ജീവനക്കാരുമാണുള്ളത്.

സന്നിധാനം, പമ്പ, കാനനപാത, ഉപ്പുപാറ തുടങ്ങിയ സ്ഥലങ്ങളിലും ഇക്കോ ടൂറിസം മേഖലകളായ തേക്കടി, ഗവി, ആതിരപ്പള്ളി, മൂന്നാര്‍ എന്നിവിടങ്ങളിലുമാണ് ശബരിജലം വിപണനം നടത്തുന്നത്. തിരുവനന്തപുരത്തെ വനശ്രീ കേന്ദ്രീകരിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ശബരിജലം വിപണനം ചെയ്യുന്നുണ്ട്.

12 രൂപയ്ക്ക് മൊത്തവിലയ്ക്ക് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ചില്ലറ വില 15 രൂപയാണ്. ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ ഒരു രൂപ തിരിച്ചുനല്‍കും. പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാനാണിത്. ഇവ കമ്പനി ആക്രിയായി വില്‍ക്കും.

ദിനംപ്രതി 5000 ലിറ്റര്‍ വെള്ളം ഉല്പാദിപ്പിക്കുന്ന പ്ലാന്റില്‍ രണ്ട് ഷിഫ്റ്റായിട്ടാണ് പ്രവര്‍ത്തനം. സ്റ്റോറേജ് ടാങ്ക്, ഫില്‍ട്ടര്‍ യൂണിറ്റ് എന്നിവയുടെ ശേഷി വര്‍ധിപ്പിച്ചാല്‍ ഉല്പാദനം കൂട്ടാനാവും. തദ്ദേശവാസികളായ 35 പേര്‍ക്ക് നേരിട്ടും അതിലേറെ പേര്‍ക്ക് അല്ലാതെയും ഒരു വരുമാന സ്രോതസ്സാണ് ശബരിജലം കുപ്പിവെള്ള പ്ലാന്റ്.