പ്രാദേശിക ആദിവാസികളുടെ വേഷത്തില്‍ സ്ഥാപിച്ച കന്യാമറിയത്തിന്റേയും ഉണ്ണിയേശുവിന്റേയും പ്രതിമ സ്ഥാപിച്ചത് ജാര്‍ഖണ്ഡില്‍ വിവാദമാകുന്നു

mariyamപ്രാദേശിക ആദിവാസികളുടെ വേഷത്തില്‍ സ്ഥാപിച്ച കന്യാമറിയത്തിന്റേയും ഉണ്ണിയേശുവിന്റേയും പ്രതിമ സ്ഥാപിച്ചത് ജാര്‍ഖണ്ഡില്‍ വിവാദമാകുന്നു. പ്രതിമക്കെതിരെ സര്‍ന ഗോത്ര വിഭാഗക്കാരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

പ്രാദേശിക ആദിവാസികളുടെ രൂപത്തിലുള്ള കന്യാമറിയത്തിന്റേയും ഉണ്ണിയേശുവിന്റേയും പ്രതിമ ഉടന്‍ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഗോത്രവസ്ത്രം ധരിച്ച മറിയത്തിന് തങ്ങളുടെ ആരാധനാ മൂര്‍ത്തിയായ ദേവിയുടെ ഛായയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ആദിവാസികളെ മതം മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രതിമ സ്ഥാപിച്ചതെന്നാണ് ആരോപണം.

സര്‍ന വിഭാഗക്കാരുടെ പ്രക്ഷോഭത്തിന് വിശ്വ ഹിന്ദു പരിഷത്തും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 24ന് മുമ്പ് പ്രതിമ മാറ്റണമെന്ന അന്ത്യശാസനമാണ് നല്‍കിയിരിക്കുന്നത്. അതേസമയം പ്രതിഷേധങ്ങളെ പേടിച്ച് പ്രതിമ മാറ്റില്ലെന്നും ആദിവാസികളോടുള്ള ബഹുമാനസൂചകമായാണ് ഇരുണ്ട കന്യാമറിയരൂപത്തെ സ്ഥാപിച്ചതെന്നാണ് പള്ളിയുടെ വിശദീകരണം.