പ്രാർഥനപോലെ ആ അന്നദാനം

എരുമേലി ∙ എരുമേലിയിൽ അയ്യപ്പസേവാസംഘം നടത്തുന്ന അന്നദാനത്തിനു മനുഷ്യത്വത്തിന്റെകൂടി മുഖമുണ്ട്. അവർക്ക് അതൊരു പ്രാർഥനകൂടിയാണ്. മണ്ഡല – മകരവിളക്ക് സീസണിൽ എരുമേലിയിൽ എത്തുന്ന ഭക്തലക്ഷങ്ങൾക്കു പതിറ്റാണ്ടുകളായി അന്നദാനം നടത്തി മാതൃക കാട്ടുകയാണ് അയ്യപ്പസേവാസംഘം. ഒട്ടേറെ ഔഷധക്കൂട്ടുകൾ ചേർത്ത കഞ്ഞിവിതരണമാണ് അതിൽ പ്രധാനം. എല്ലാ മണ്ഡല – മകരവിളക്ക് സീസണിലും മൂന്നു നേരവും സേവാസംഘം പ്രവർത്തകർ കൃത്യമായി ഭക്ഷണം വിളമ്പുന്നതു പ്രതിഫലം വാങ്ങാതെയാണ്.

ഇടതടവില്ലാതെ അന്നദാനത്തിന്റെ അറിയിപ്പുകൾ മുരളീധരൻ മുല്ലശേരി എന്ന മുതിർന്ന പൗരൻ വിവിധ ഭാഷകളിൽ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് അന്നദാനത്തിൽ പങ്കെടുക്കാൻ എത്തുന്നത്. ഇന്നലെ എത്തിയവരിൽ തമിഴ്നാട് നിയമസഭാംഗം വസന്തം കാർത്തികേയനും ഉണ്ടായിരുന്നു.