പ്ലസ്‌ടുക്കാരിയുടെ പ്രണയം തകര്‍ക്കാന്‍ അച്ഛന്‍ ക്വട്ടേഷന്‍ നല്‍കി മകളെ കൊലപ്പെടുത്തി

മധ്യ പ്രദേശിലെ ദേവാസിലാണ്‌ നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്‌. അന്യജാതിക്കാരനായ യുവാനെ പ്രണയിച്ചതിനാല്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ വാടകക്കൊലയാളികളെ ഉപയോഗിച്ച്‌ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ പ്രണയം അതിരു വിട്ട്‌ വിവാഹത്തിലെത്തുമെന്ന ഭയം അച്ഛനെ വല്ലാതെ വ്യാകുലപ്പെടുത്തി. അങ്ങനെയാണ്‌ മകളെ കൊല്ലാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്‌. അതിനായി കുപ്രസിദ്ധരായ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്‌തു. കൊല ചെയ്യാന്‍ അഞ്ചുലക്ഷം രൂപയ്‌ക്ക് ക്വട്ടേഷന്‍ നല്‍കിയത്‌ പിതാവും സഹോദരനുമായിരുന്നു.

ക്വട്ടേഷന്‍ സംഘം പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി കിണറ്റില്‍ തള്ളുകയായിരുന്നു. കൊല ചെയ്യുന്നതിനായി 5 ലക്ഷം രൂപ പിതാവും സഹോദരനും നല്‍കിയതായി വാടകക്കൊലയാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

അന്യജാതിക്കാരനെ പ്രണയിച്ചതിന്‌ പുറമേ സ്വത്തുക്കള്‍ നഷ്‌ടമാകുമോ എന്ന ഭയവും കൊലപാതകത്തിന്‌ കാരണമായെന്ന്‌ പോലീസ്‌ പറഞ്ഞു. സ്വത്തുക്കള്‍ മുഴുവനും പെണ്‍കുട്ടിയുടെ പേരിലാണ്‌ മാതാവ്‌ എഴുതി വെച്ചിരുന്നത്‌. വിവാഹത്തോടെ അത്‌ കൈവിട്ടു പോകുമോ എന്നും പിതാവും സഹോദരനും ഭയന്നിരുന്നതായിട്ടാണ്‌ പോലീസ്‌ പറയുന്നത്‌.

പിതാവിനെയും സഹോദരനെയും കൂടാതെ ആറു പേരെ സംഭവത്തില്‍ കസ്‌റ്റഡിയിലെടുത്തു.