പ്ലാസ്റ്റിക് പൊടിക്കാൻ യന്ത്രമെത്തി

കാഞ്ഞിരപ്പള്ളി ∙ ബ്ലോക്ക് പഞ്ചായത്തു വളപ്പിൽ ആരംഭിച്ച പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ പി.എ.ഷെമീർ, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോഫി ജോസഫ്, വി.ടി.അയൂബ്ഖാൻ, പ്രകാശ് പള്ളിക്കൂടം, പി.ജി.വസന്തകുമാരി, അജിതാ രതീഷ്, ബിഡിഒ എൻ.രാജേഷ് എന്നിവർ പ്രസംഗിച്ചു. പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി പ്രവർത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നിർമാർജനം ചെയ്യുന്നതിനാണു ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിൽ ഷ്രെഡിങ് യൂണിറ്റ് തുടങ്ങിയത്. ഒരു മണിക്കൂറിൽ നൂറു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കാൻ ശേഷിയുള്ള ഷ്രെഡിങ് മെഷീനാണ് യൂണിറ്റിൽ സ്ഥാപിച്ചിരിക്കുന്നത്. കുടുംബശ്രീ, ഹരിത കർമ സമിതികളാണു മാലിന്യങ്ങൾ ശേഖരിക്കുക. പഞ്ചായത്തുകൾ ഇവ ഷ്രെഡിങ് യൂണിറ്റിലെത്തിക്കും.

പൊതുജനങ്ങൾക്കും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ എത്തിച്ചു നൽകാം. കഴുകി വൃത്തിയാക്കി ഉണക്കിയാണ് എത്തിക്കേണ്ടത്. ഇവയിൽനിന്നു 40 മൈക്രോണിൽ താഴെയുള്ള പ്ലാസറ്റിക്, മെഷീൻ ഉപയോഗിച്ചു പൊടിച്ചു തരികളാക്കും. ടാറിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി ഗ്രീൻ കേരള മുഖേന മറ്റ് ഏജൻസികൾക്ക് ഇവ നൽകും. പ്ലാസ്റ്റിക് കുപ്പികൾ ബെയിലിങ് മെഷീൻ ഉപയോഗിച്ചു ഷീറ്റുകളാക്കി ക്ലീൻകേരള കമ്പനിക്ക് കൈമാറും.

പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിന്റെ ഉദ്ഘാടനം ആശാ ജോയി നിർവഹിച്ചുഗ്രീൻ കേരള പദ്ധതിയുടെ ഭാഗമായി 18.80 ലക്ഷം രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കിയത്. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി പഞ്ചായത്തുകളിൽ ഹരിത കർമസേനയും പ്രവർത്തിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പാറത്തോട്, കാഞ്ഞിരപ്പള്ളി, മണിമല, എരുമേലി, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് എന്നീ പഞ്ചായത്തുകളിൽനിന്നും എത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനുവേണ്ടി മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.