പണയ തട്ടിപ്പ്: ഒളിവിലായ പ്രതികളിൽ രണ്ട് പേർ വലയിൽ
എരുമേലി: സ്വർണ പണയ ശാലയിൽ 1. 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒളിവിൽ പോയ അഞ്ച് പേരിൽ രണ്ട് പേർ പോലീസിന്റെ വലയിലായെന്ന് സൂചനകൾ. ഇവർ ഉടൻ അറസ്റ്റിലാകുമെന്ന് കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന സിഐ സുനിൽകുമാർ വെളിപ്പെടുത്തി.
അതേസമയം 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രധാന പ്രതിയെ കണ്ടെത്താനായിട്ടില്ലെന്ന് പറയുന്നു. കേസിലെ നിർണായക പ്രതി ഈ യുവാവാണ്. കേസിലെ മുഖ്യ പ്രതി എരുമേലി അലങ്കാരത്ത് ജെഷ്ന സലിം (34), മറ്റൊരു പ്രതി വേങ്ങശ്ശേരിൽ അബൂതാഹിർ (24) എന്നിവരെ കഴിഞ്ഞ ദിവസം കോടതി വീണ്ടും പോലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു.
പ്രതികളുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയെങ്കിലും തട്ടിയെടുക്കപ്പെട്ട സ്വർണം പണയ സ്ഥാപനങ്ങളിൽ നിന്നു പൂർണമായി വീണ്ടെടുക്കാനായിട്ടില്ല. ഇന്ന് വീണ്ടും തെളിവെടുപ്പും മൊഴിയെടുക്കലും നടത്തിയ ശേഷം പ്രതികളെ കോടതിക്ക് കൈമാറും. തട്ടിയെടുക്കപ്പെട്ട സ്വർണത്തിന്റെ പരമാവധിയെങ്കിലും ഇന്ന് വീണ്ടെടുക്കാനാവുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
അഞ്ച് പ്രതികളാണ് ഒളിവിലുള്ളത്. ഇവരിൽ 50 ലക്ഷം കൈക്കലാക്കിയ യുവാവാണ് പിടിയിലാകാനുള്ളവരിൽ പ്രധാനിയെന്ന് പോലീസ് പറയുന്നു. ഇയാൾ ബംഗളൂരുവിലേക്ക് കടന്നെന്ന് പോലീസ് സംശയിക്കുന്നു.