ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ പൂജാരി അറസ്‌റ്റില്‍

: ഫെയ്‌സ്‌ബുക്കിലുടെ പരിചയത്തിനൊടുവില്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പാറശാല സ്വദേശി പൂജാരിയെ അയര്‍ക്കുന്നം പോലീസ്‌ അറസ്‌റ്റു ചെയ്‌തു. പാറശാല നെടുവിള ആലന്‍കോട്ടു കൃഷ്‌ണപ്രസാദാ (24) ണ്‌ അറസ്‌റ്റിലായത്‌. വൈക്കത്തിനു സമീപമുള്ള ക്ഷേത്രത്തിലെ പൂജാരിയായ കൃഷ്‌ണപ്രസാദ്‌ അയര്‍ക്കുന്നം സ്വദേശിയായ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ വീടിനു പുറത്തെത്തിച്ച്‌ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്‌ച രാത്രി പതിനൊന്നോടെയാണ്‌ ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്‌. അന്നു രാതി തന്നെ വീട്ടുകാര്‍ അയര്‍ക്കുന്നം പോലീസില്‍ പെണ്‍കുട്ടിയെ കാണാതായതിനു പരാതി നല്‍കി. വൈക്കത്ത്‌ ക്ഷേത്രത്തിനു സമീപത്ത്‌ കൃഷ്‌ണകുമാര്‍ താമസിക്കുന്ന മുറിയിലാണ്‌ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നത്‌.

തിങ്കളാഴ്‌ച രാവിലെ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഇയാള്‍ ക്ഷേത്രത്തില്‍ പൂജയ്‌ക്കായി പോയിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്‌ വൈക്കത്തുണ്ടെന്നു മനസിലാക്കിയത്‌. തുടര്‍ന്ന്‌ പെണ്‍കുട്ടിയെ ആദ്യം കണ്ടെത്തി. പെണ്‍കുട്ടി നല്‌കിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതി കൃഷ്‌ണപ്രസാദിനെതിരേ പൊന്‍കുന്നം, പാറശാല എന്നിവിടങ്ങളില്‍ പോക്‌സോ കേസ്‌ നിലവിലുള്ളതായി പോലീസ്‌ അറിയിച്ചു. ജില്ലാ പോലീസ്‌ ചീഫ്‌ ഹരിശങ്കര്‍, ഡിവൈ.എസ്‌.പി. ശ്രീകുമാര്‍ എന്നിവരുടെ നിര്‍ദേശാനുസരണം അയര്‍ക്കുന്നം എസ്‌.ഐ. വി.എസ്‌.അനില്‍കുമാര്‍, അഡീഷണല്‍ എസ്‌.ഐ. രമേശ്‌ബാബു, സി.പി.ഒമാരായ അജിത്‌, രാജു, ചിത്രാംബിക എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌.