ഫോൺ വിളിച്ചാൽ മതി; 24 മണിക്കൂറും ടാക്സി വാഹനം റെഡി

കോട്ടയം ∙ ഒരു ഫോൺ കോളിൽ അരികിലേക്ക് 24 മണിക്കൂറും ടാക്സി വാഹനങ്ങൾ എത്തുന്ന സംവിധാനം ജില്ലയിലേക്ക്. കക്ഷിരാഷ്ട്രീയത്തിനതീതമായി ടാക്സി ഡ്രൈവർമാർ ചേർന്നു രൂപീകരിച്ച ഓൾ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെടിഡിഒ) ആണു കോൾ ടാക്സി ആരംഭിക്കുന്നത്. 9495351500 എന്ന നമ്പരിലേക്കു വിളിച്ചാൽ സേവനം ലഭ്യമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 300 ടാക്സി ഡ്രൈവർമാർ സംഘടനയിൽ അംഗങ്ങളായി.

വാട്സാപ് കൂട്ടായ്മയിലൂടെയാണു ഡ്രൈവർമാരുമായി ആശയ വിനിമയം. മേൽ നമ്പറിലേക്കു ജില്ലയുടെ ഏതെങ്കിലും പ്രദേശത്തു നിന്നു ഫോൺ കോൾ എത്തിയാൽ വിവരങ്ങൾ ശേഖരിച്ച ശേഷം തിരികെ വിളിക്കാമെന്ന സന്ദേശം നൽകും. ഉപയോക്താവ് വിളിച്ച പ്രദേശത്തുള്ള ടാക്സിയുമായി ബന്ധപ്പെട്ടു സേവനം ലഭ്യമാക്കുന്ന സംവിധാനമാണു വരിക.

രാത്രികാലങ്ങളിലുൾപ്പെടെ ടാക്സി വാഹനങ്ങൾ കിട്ടാതെ പലരും ബുദ്ധിമുട്ടുന്നതിനാലാണ് ഈ നീക്കമെന്നു രക്ഷാധികാരി എബി ഐപ്പ് പറഞ്ഞു.