ഫ്ലാറ്റില്‍ നിന്ന് വീണ് നടി സ്വര്‍ണ തോമസിന് ഗുരുതര പരിക്ക്

swarna thomas
കൊച്ചി: മലയാളസിനിമയിലെ പുതുമുഖ നടി സ്വര്‍ണ തോമസി(19)ന് ഫ്ലാറ്റില്‍ നിന്ന് വീണ് പരിക്കേറ്റു. ഇവര്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന എളമക്കരയിലെ ഗ്യാലക്‌സി ഫ്ലാറ്റിലെ നാലാം നിലയില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് കാലിനും കൈകള്‍ക്കും പരിക്കേറ്റത്. മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല.

കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ബഡ്ഡി’ എന്ന ചിത്രത്തില്‍ സഹനായികയായാണ് ഇപ്പോള്‍ ഇവര്‍ അഭിനയിച്ചുകൊണ്ടിരുന്നത്. ഏതാനും ദിവസങ്ങളായി പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഷൂട്ടിങ്ങില്‍ പങ്കെടുത്തിരുന്നില്ല. ബുധനാഴ്ച വൈകീട്ട് ഫ്ലാറ്റിനു പുറത്തായുള്ള ബാല്‍ക്കണിക്കു സമീപം ചവിട്ടുപടിയില്‍ നിന്ന് ഇറങ്ങവേ താഴേക്കുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ ഇവരെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

സ്വകാര്യ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ സ്വര്‍ണ ‘ബഡ്ഡി’ക്കു പുറമെ ‘ക്യൂ’, ‘ഫ്ലാറ്റ് നമ്പര്‍ ബി’, ‘പ്രണയകഥ’ എന്നീ ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന രണ്ട് തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാനിരിക്കുകയുമായിരുന്നു. അച്ഛന്‍ മലയാളിയും അമ്മ മഹാരാഷ്ട്രക്കാരിയുമായ സ്വര്‍ണ മുംബൈയിലാണ് താമസമെങ്കിലും ഷൂട്ടിങ്ങ് തിരക്കുകളെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ഏതാനും നാളുകളായി എറണാകുളത്താണ്.