ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം നിര്‍മാണോദ്ഘാടനം

mp-1-web

കാഞ്ഞിരപ്പള്ളി: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒന്നാംഘട്ടമായി അനുവദിച്ച 14 ലക്ഷം ഉപയോഗിച്ച് പേട്ട ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിര്‍മിക്കുന്ന ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം ഒമ്പതിന് പഞ്ചായത്തു പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ടിന്റെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കുമെന്ന് പഞ്ചായത്തംഗം അഡ്വ. പി.എ. ഷെമീര്‍ അറിയിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി പി.എസ്. അബ്ദുള്‍ റസാക്ക് മുഖ്യഅതിഥിയായിരിക്കും.

നിര്‍ദിഷ്ട വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ ഭരണാനുമതിയും ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ സാങ്കേതികാനുമതിയും നേരത്തെ ലഭിച്ചിരുന്നു.

ഒന്നാം ഘട്ടമായി 12 ലക്ഷം രൂപ ചെലവഴിച്ച് വോളിബോള്‍ പവലിയനും രണ്ടു ലക്ഷം രൂപ ചെലവഴിച്ച് ഫ്ളഡ്ലൈറ്റ് സൌകര്യങ്ങളുമാണ് ഏര്‍പ്പെടുത്തുന്നത്. ഫ്ളഡ് ലൈറ്റ് സൌകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല പിഡബ്ള്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിനാണ്. രണ്ടാം ഘട്ടമായി കാണികള്‍ക്കുള്ള ഇരിപ്പിടവും അനുബന്ധ സൌകര്യങ്ങളും ഒരുക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കിഴക്കന്‍ കേരളത്തിലെ ആദ്യത്തെ ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയമാണ് കാഞ്ഞിരപ്പള്ളിക്ക് സ്വന്തമാകുന്നത്.

നിര്‍ദിഷ്ട സ്റേഡിയത്തിന്റെ നിര്‍മാണത്തോടനുബന്ധിച്ചുള്ള സ്ഥല നിര്‍ണയം ഭരണസമിതി അംഗങ്ങളുടെയും പിടിഎ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ പൂര്‍ത്തിയായി. പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട്, അംഗങ്ങളായ അഡ്വ. പി.എ. ഷെമീര്‍, അഡ്വ. സുനില്‍ തേനംമാക്കല്‍, പിടിഎ പ്രസിഡന്റ് എസ്. അലി എന്നിവരും പങ്കെടുത്തു. വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അനുവാദവും നല്‍കിയിട്ടുണ്െടന്ന് ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോസഫ് അറിയിച്ചു.