ബംഗാൾ സ്വദേശിയുടെ കൊലപാതകം: കൂടുതൽ വിവരങ്ങൾ തേടി പൊലീസ്

ഈരാറ്റുപേട്ട∙ ബംഗാൾ സ്വദേശി കേശവ് ദേവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന മൈമൂണിനെ അന്വേഷിച്ച് പുറപ്പെട്ട പൊലീസ് ഇന്ന് കൊൽക്കത്തയിലെത്തും.ഇവിടെ നിന്നും ഏഴ് മണിക്കൂർ കൂടി യാത്ര ചെയ്താലെ മൈമൂണിന്റെ മേൽവിലാസത്തിലുള്ള റാണിപൂരിലെത്താൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു.

മൈമൂൺ ജോലി ചെയ്തിരുന്നിടത്തു നിന്നു ലഭിച്ച തിരിച്ചറിയൽ കാർഡ് മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. മേൽവിലാസം ശരിയാണോയെന്നറിയാൻ കൊൽക്കത്ത പൊലീസിന് കൈമാറിയിട്ടുണ്ട്. ഉപയോഗിച്ചിരുന്ന സിം കാർഡ് നശിപ്പിക്കപ്പെട്ട നിലയിലാണ്. മൊബൈൽ ഫോൺ ഈരാറ്റുപേട്ടയിൽത്തന്നെ വിൽക്കുകയും ചെയ്തു.

കോട്ടയത്തെ ബാങ്കിൽ എടുത്തിരുന്ന അക്കൗണ്ടുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈരാറ്റുപേട്ട എസ്ഐ എസ്.രാജീവ്, സിപിഒമാരായ രാജേഷ്, ഷെറിൻ, ഷിബു എന്നിവരടങ്ങുന്ന സംഘം ഇന്ന് കൊൽക്കത്തയിലെത്തിയശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് സിഐ സി.ജി.സനൽകുമാർ പറഞ്ഞു.