ബജറ്റ് തുക : ചെലവിന് പോലും തികയാതെ റബർ ബോർഡ്

∙ വലിയ പ്രതീക്ഷയിലായിരുന്ന റബർ ബോർഡിനു ദൈനംദിന ചെലവിനുപോലും തികയാത്ത പണമാണു ബജറ്റിൽ കിട്ടിയത്. കർഷകനു സബ്സിഡിക്കും ബോർഡിനു ചെലവിനുമായാണു ബജറ്റിൽ 146.60 കോടി അനുവദിച്ചത്. ശമ്പളമുൾപ്പെടെ കാര്യങ്ങളും മറ്റു ചെലവും ഇതിൽ തട്ടിയും മുട്ടിയും പോയാലും 140 കോടിയാകും ഒരു വർഷം. പിന്നെ സബ്സിഡിക്കു പണമെവിടെ? കർഷകർക്ക് പുനഃകൃഷിക്കു സബ്സിഡിയിനത്തിൽ നൽകാനുള്ളത് 32 കോടി കൊടുത്തുതീർക്കാനുമുണ്ട്.

ആകെ നൽകിയിരുന്ന പുനഃകൃഷി സബ്സിഡിക്ക് ഇപ്പോൾ അപേക്ഷ ക്ഷണിക്കാതെ മരവിപ്പിച്ചിരിക്കുകയാണ്. ‌നീതി ആയോഗ് ആവശ്യപ്രകാരം ചെലവും ചുരുക്കി സബ്സിഡിയും പരിമിതിപ്പെടുത്തി മൂന്നു വർഷത്തേക്ക് റബർ ബോർഡ് ആവശ്യപ്പെട്ടതും നീതി ആയോഗ് അംഗീകരിച്ചതും 720 കോടിയായിരുന്നു. ഓരോ വർഷവും ബജറ്റിൽ ഇത് ലഭിക്കുമ്പോൾ 240 കോടിയെങ്കിലും കിട്ടുമെന്നായിരുന്നു ബോർഡിന്റെ പ്രതീക്ഷ.

കഴിഞ്ഞ ബജറ്റിൽ 142.60 കോടിയായിരുന്നു അനുവദിച്ചിരുന്നത്. അതു ചെലവിനുപോലും തികയാതെ വന്നപ്പോൾ നിരന്തര അഭ്യർഥനയെ തുടർന്നു പലപ്പോഴായി 45 കോടിയോളം അനുവദിച്ചിരുന്നു. അതിൽനിന്നു സബ്സിഡി കുടിശിക പകുതി തീർത്തത്. ബജറ്റിനുശേഷം അധികം അനുവദിച്ചതുമെല്ലാം കൂടി ആകെ കഴിഞ്ഞവർഷം 182 കോടിയാണു ബോർഡിനു കിട്ടിയത്. ആ തുകയെങ്കിലും ഇൗ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതാണ്. സംസ്ഥാന സർക്കാർ കർഷകർക്കായി നടപ്പാക്കി വരുന്ന 150 രൂപ ധനസഹായ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ സഹായവും പ്രതീക്ഷിച്ചിരുന്നു റബർ മേഖല.