ബബിതയ്ക്ക് ഇനി ‘ജനമൈത്രി’ വീട്

കാഞ്ഞിരപ്പള്ളി ∙ ബബിതയ്ക്കും മകൾ സൈബയ്ക്കും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. സ്വന്തമായൊരു വീട് എന്ന ഇരുവരുടെയും സ്വപ്നം യാഥാർഥ്യമാക്കിയതു സുമനസ്സുകളുടെ സഹകരണത്തോടെ ജനമൈത്രി പൊലീസ്. 800 ചതുരശ്ര അടിയോളം വിസ്തീർണമുള്ള വീടാണു ജനമൈത്രി പൊലീസ് ബബിതയ്ക്കും മകൾക്കുമായി നിർമിച്ചത്. വീടിന്റെ താക്കോൽദാനം 26നു മന്ത്രി എം.എം.മണി നിർവഹിക്കും.

പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശുചിമുറി പോലുമില്ലാതെ, പലകകളും തുണികളും കൊണ്ടു മറച്ച ഒറ്റമുറി വീട്ടിൽനിന്നും കോടതി വിധിയെ തുടർന്നാണു പൊലീസിന് ഇവരെ ഇറക്കിവിടേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്നു ഭർത്തൃസഹോദരൻ നൽകിയ കേസിലാണു വിധവയായ പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ് (45), മകൾ സൈബ ഷാനവാസ് (14) എന്നിവരെ 2017 മാർച്ച് 20നു കുടിയൊഴിപ്പിച്ചത്.

രോഗാവസ്ഥയിൽ ബബിതയെ കിടന്ന കിടക്കയോടെ പൊലീസ് കുടിയിറിക്കുന്ന കാഴ്ച കേരള ജനത കണ്ട ദയനീയ രംഗമായിരുന്നു. അതേ പൊലീസ് തന്നെ അവർക്കു വീട് നിർമിച്ചു നൽകുകയും ചെയ്തു. വീടൊഴിയേണ്ടിവന്ന ബബിതയെയും മകളെയും സഹായിക്കാൻ കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സഹായ നിധിയിലേക്ക് 2.13 ലക്ഷം രൂപയാണു ലഭിച്ചത്.

കൂടാതെ ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫ് അഞ്ചു ലക്ഷം രൂപയും നൽകിയിരുന്നു. ഇങ്ങനെ സുമനസ്സുകൾ കനിഞ്ഞ ഏഴര ലക്ഷത്തോളം രൂപയിൽനിന്നും നാലര ലക്ഷം രൂപ മുടക്കി പട്ടിമറ്റത്ത് അഞ്ച് സെന്റ് സ്ഥലം വാങ്ങി. ഇവിടെ രണ്ടു മുറികളും ഒരു ഹാളും അടുക്കളയും ശുചിമുറിയും ഉൾപ്പടെ 800 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണു നിർമിച്ചത്.

പതിനൊന്നു ലക്ഷം രൂപയോളം ചെലവു വന്ന വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞതു സുമനസ്സുകളുടെ സഹകരണത്തോടെയാണെന്നു വീടു നിർമാണത്തിനു മേൽനോട്ടം വഹിച്ച കാഞ്ഞിരപ്പള്ളി എസ്എെ: എ.എസ്.അൻസിൽ പറയുന്നു. സ്ഥലം കണ്ടെത്തി വാങ്ങിയതു മുതൽ വീടു നിർമാണം വരെ പൊലീസിന്റെ മേൽനോട്ടത്തിലാണു നടത്തിയത്.