ബസിന്റെ ടയർ കയറിയിറങ്ങിയ ചെറുപ്പക്കാരൻ അധികം പരുക്കുകളില്ലാതെ രക്ഷപ്പെട്ടു! സംഭവിച്ചതെന്ത്..?

ചില നേരം ജീവിതം കെട്ടുകഥയെക്കാൾ അവിശ്വസനീയമാണെന്ന് ഇപ്പോൾ ലിബിന് അറിയാം.ആ സംഭവം ഇതാ:

കഴിഞ്ഞ മാസം 23നു രാവിലെ 10 മണി. എരുമേലി പട്ടണത്തിൽ തീർഥാടകരുടെ തിരക്കു രൂക്ഷമായ സമയം. അമ്മയ്ക്കു മരുന്നു വാങ്ങാനാണു കൂടത്തൽ മാത്യുവിന്റെ മകൻ ലിബിൻ (21) ബൈക്കുമായി ഇറങ്ങിയത്. ടിബി റോഡിൽ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ, ബൈക്ക് ബസിന്റെ പിൻഭാഗത്തുള്ള വലത്തെ ടയറിനടിയിലേക്കു വീണു.

ബൈക്ക് ബസിന്റെ നടുവിലേക്കു തെന്നിനീങ്ങി. ലിബിന്റെ ശരീരത്തിലൂടെ വലതുവശത്തെ ടയർ കയറിയിറങ്ങി. സംഭവം കണ്ടുനിന്ന ഡ്യൂട്ടി പൊലീസുകാരൻ ഓടിയെത്തി ലിബിനെ ഉയർത്താൻ ശ്രമിച്ചെങ്കിലും എഴുന്നേറ്റു നിൽക്കാനാവുന്നില്ല.

പിന്നീടു സിസിടിവിയിലെ ദൃശ്യങ്ങൾ കണ്ട നാട്ടുകാരും പൊലീസും മോട്ടോർ വാഹനവകുപ്പും നടുങ്ങി. യാത്രക്കാരടക്കം 13,000 കിലോ ഭാരമുള്ള വണ്ടിയുടെ പിൻഭാഗത്തെ ടയർ കയറിയിറങ്ങിയ ആൾ! എങ്ങനെ രക്ഷപ്പെടാൻ?പക്ഷേ, അദ്ഭുതം സംഭവിച്ചു.

ലിബിനെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധിച്ചപ്പോൾ കണ്ടത് ഇടുപ്പെല്ലിൽ പൊട്ടൽ മാത്രം. തുട ചതഞ്ഞിട്ടുണ്ട്. ഏതാനും ദിവസത്തെ നിരീക്ഷണത്തിനും ചികിൽസയ്ക്കും ശേഷം ലിബിനെ വീട്ടിലെത്തിച്ചു.

മോട്ടോർവാഹന വകുപ്പിന്റെ വിശദീകരണം ഇങ്ങനെ:

സിസിടിവി ദൃശ്യം വ്യക്തമായി പരിശോധിച്ചു. ടിബി റോഡിലെ കുത്തുകയറ്റവും വളവുമുള്ള ഭാഗമെത്തിയപ്പോൾ ബസ് ആക്സിലേറ്റർ കൂടുതൽ കൊടുത്തു വീശിക്കയറിയതോടെ ഭാരം മുഴുവൻ ഇടതുവശത്തെ ടയറിലേക്കായി.

വലതുവശത്തെ ടയർ റോഡിൽ തൊട്ടുതൊട്ടില്ല എന്ന നിലയിലെത്തിയപ്പോഴാണു ലിബിൻ അടിയിൽപ്പെടുന്നതും പുറത്തുകൂടി ഉരഞ്ഞു കടന്നുപോകുന്നതും. എല്ലാം ഒന്നോ രണ്ടോ സെക്കൻഡിൽ സംഭവിച്ച അദ്ഭുതം! അല്ലായിരുന്നെങ്കിൽ…മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ ഷാനവാസ് കരിം ഇതു പറഞ്ഞു നിർത്തിയത് നേരിയ വിറയലോടെ.