ബസ് ഇറങ്ങിവരുന്ന കവാടം വഴി യാത്രക്കാരുടെ നടത്തം; അപകടഭീഷണി

പൊൻകുന്നം ∙ സ്വകാര്യ ബസ് സ്റ്റാൻഡിലെ നടപ്പാത ഉപയോഗിക്കാതെ യാത്രക്കാർ ബസ് ഇറങ്ങിവരുന്ന കവാടം വഴി പോകുന്നത് അപകടത്തിന് ഇടയാക്കുന്നു. സ്‌കൂൾ തുറന്നതോടെ ബസ് സ്റ്റാൻഡ് കവാടത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ തിരക്കേറിയതോടെ സമീപത്തെ ഓട്ടോക്കാരുടെ ഇടപെടൽ കൊണ്ടാണു ദുരന്തം വഴി മാറുന്നത്.

ഒരു ബസിന് മാത്രം ഇറങ്ങി വരാൻ ഇടമുള്ള കവാടത്തിൽ ബൈ റോഡിൽ നിന്നുള്ള വാഹനങ്ങളും എത്തുന്നതോടെ മിക്കപ്പോഴും ഗതാഗതക്കുരുക്കാണ്. ഇതിന് ആക്കം കൂട്ടി അനധികൃത പാർക്കിങ്, വഴിയോരക്കച്ചവടം എന്നിവ കൂടിയാകുന്നതോടെ ഇതിനിടയിലൂടെ നടന്നുവരുന്നതു സാഹസമാണെങ്കിലും കാൽനട യാത്രക്കാർ നടപ്പാതയിലേക്കു കയറാൻ തയാറാകുന്നില്ല.ടൈൽ പാകി വെടിപ്പാക്കിയ നടപ്പാതയുടെ കൈവരിയിൽ പഞ്ചായത്തിന്റെ ഫ്ലെക്സ് ബോർഡ് നീക്കം ചെയ്യാതെ ബാക്കി നിൽക്കുകയാണ്.

വേണ്ടത് പൊലീസ് ഇടപെടൽ

∙ നടപ്പാത വഴി ആൾക്കാർ നടന്നുപോകാൻ പൊലീസിന്റെ ശക്തമായ ഇടപെടലാണു വേണ്ടതെന്നു വ്യാപാരികൾ. കവാടത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസിന്റെ സേവനം ഇതിനായി ഉപയോഗിക്കുന്നതു വഴി ബസ് സ്റ്റാൻഡ് കവാടം അപകടരഹിതമാക്കാം. ദേശീയപാതയിൽ നിന്നു നടപ്പാതയിലേക്കു കയറുന്ന ഭാഗത്ത് നട നിർമിക്കുന്നതു പ്രായമുള്ളവർക്കും കുട്ടികൾക്കും ഗുണപ്രദമാകും.