ബസ് റൂട്ട് മാറ്റി; പ്രതിഷേധം വ്യാപകം

പൊൻകുന്നം : ∙ പാലാ–ഭരണങ്ങാനം–പൊൻകുന്നം വഴി സർവീസ് നടത്തിയിരുന്ന കൽപറ്റ–തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസിന്റെ റൂട്ട് മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു. മലബാർ ഭാഗത്തു നിന്നു പാലായിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഭരണങ്ങാനത്തേക്കുള്ള തീർഥാടകർക്കും ഉപകാരപ്രദമാകുമെന്നു പറഞ്ഞാണു കൽപറ്റ–തിരുവനന്തപുരം സർവീസ് ആരംഭിച്ചത്. പാലാ–ഭരണങ്ങാനം–പൊൻകുന്നം വഴി സർവീസ് നടത്തിയിരുന്ന ബസ് ഏതാനും ദിവസങ്ങളായി തൊടുപുഴയിൽ നിന്ന് ഈരാറ്റുപേട്ട വഴി റൂട്ട് മാറ്റിയിരിക്കുകയാണ്.

പാലാ വഴി എരുമേലിക്കു പോകാൻ കഴിയുമായിട്ടും പാലായെ ഒഴിവാക്കി യാത്രക്കാരില്ലാത്ത റൂട്ടിലൂടെ ബസ് ഓടിക്കുന്നതു സർവീസ് നഷ്ടത്തിലാക്കി പിന്നീടു നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു യാത്രക്കാർ ആരോപിച്ചു. വയനാട്ടിൽ നിന്നു പാലായിലേക്ക് എത്തുന്ന ഒട്ടനവധി വിദ്യാർഥികൾക്കു ബുദ്ധിമുട്ടുണ്ടാകുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്നു ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ‌