ബസ് സ്റ്റാന്റിനുള്ളിലെ കുഴി യാത്രക്കാര്‍ക്ക് ഭീഷണി

മുണ്ടക്കയം: ബസ് സ്റ്റാന്റിനുള്ളില്‍ ടാറിങ് ചെയ്ത ഭാഗം താഴ്ന്ന് വന്‍ കുഴി രൂപപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിന് കാരണമാകുന്നു. നേരം ഇരുട്ടിയാല്‍ കൊതുകുകളുടെ ഉപദ്രവം ശക്തമാണ്. മഴപെയ്താല്‍ കുഴിയിലെ മലിനജലം ഒഴുകി സ്റ്റാന്‍ഡിനുള്ളില്‍ പരക്കുകയും യാത്രക്കാര്‍ ഇതില്‍ ചവിട്ടി സഞ്ചരിക്കേണ്ട ഗതികേടിലുമാണ്.

ബസുകള്‍ കുഴിയില്‍ ചാടി യാത്രക്കാരുടെ ശരീരത്തിലും വസ്ത്രങ്ങളിലും മലിന ജലം തെറിക്കുന്നതും പതിവാണ്. ഇതിനിടയില്‍ കംഫര്‍ട്ട് സ്‌റ്റേഷനില്‍ നിന്നുള്ള മലിനജലവും സ്റ്റാന്‍ഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. ബി. ഒ. ടി. അടിസ്ഥാനത്തില്‍ നല്‍കിയിരിക്കുന്ന കംഫര്‍ട്ട് സ്‌റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ കരാറുകാരന്‍ ചെയ്യണമെന്നാണ് പഞ്ചായത്തിന്റെ നിലപാട്. കക്കൂസ് മാലിന്യങ്ങള്‍ ടാറിങിന്റ വിടവിലൂടെ പുറത്തേയ്ക്ക് തള്ളുകയാണ്. പലപ്പോഴും യാത്രക്കാര്‍ ദുര്‍ഗന്ധം മൂലം മൂക്ക് പൊത്തിയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പകര്‍ച്ച പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മേഖലയില്‍ നിന്നുമാണ്. അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം.