ബാഡ്മിന്റൺ ഐ.പി.എൽ ലേലത്തിൽ സൈന നെവാളിനു വില 71.3 ലക്ഷം രൂപ

Saina-Nehwal

ഐ.പി.എൽ മാതൃകയിൽ ഇതാദ്യമായി നടത്തുന്ന ഇന്ത്യൻ ബാഡ്മിന്റൺ ലീഗിലെ ആദ്യ ലേലത്തിൽ ലോക ഒന്നാം നമ്പർ താരം മലേഷ്യയുടെ ലീ ചോംഗ് വീ ഏറ്റവുമധികം വില നേടി. മുംബയ് മാസ്റ്റേഴ്സ് 80 ലക്ഷം രൂപയ്ക്കാണ് ലീയെ ലേലത്തിൽ പിടിച്ചത്. മലയാളി താരം എച്ച്.എസ്. പ്രണോയ് 9.6 ലക്ഷം രൂപയുമായി ഡൽഹി സ്മാഷേഴ്സിലേക്ക് നീങ്ങി.

ഇന്ത്യയുടെ ഒന്നാം നമ്പർ താരം സൈന നെവാളിനെ നാട്ടിലെ ടീമായ ഹൈദരാബാദ് ഹോട്ട്ഷോട്ട്സ് 71.3 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. മറ്റു താരങ്ങളുടെ ലേലത്തുക ഇങ്ങനെയാണ്: പരുപ്പള്ളി കശ്യപ്: ബംഗാ ബീറ്റ്സ് 44.5 ലക്ഷം. പി.വി. സിന്ധു: ലക്‌നൗ വാരിയേഴ്സ് 47.5 ലക്ഷം. ജ്വാല ഗുട്ട,ഡൽഹി സ്മാഷേഴ്സ്, 18.4 ലക്ഷം, ടിൻ മിൻ ന്യൂജെൻ (വിയറ്റ്നാം) പൂനെ പിസ്റ്റൺസ്, 26.24 ലക്ഷം, അശ്വിനി പൊന്നപ്പ, പൂനെ, 15 ലക്ഷം.

ഹൈദരാബാദിലെ പി.വി.പി ഗ്രൂപ്പ്, ബാംഗ്ലൂരിലെ ബി.ഒ.പി ഗ്രൂപ്പ്, ഡൽഹിയിലെ ക്രിഷ് ഗ്രൂപ്പ്, ലക്‌നൗ സഹാറ, പൂനെ ബർമ്മൻ കുടുംബവും ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കറുടെ കൺസോർഷ്യവും, മുംബയ് തെലുങ്ക് ചലച്ചിത്ര താരം നാഗാർജ്ജുനയും മുൻ ക്രിക്കറ്റ് താരം വി. ചാമുണ്ഡേശ്വർനാഥും എന്നിവരാണ് വിവിധ ടീമുകളുടെ ഉടമസ്ഥർ.