ബിജു വർഗീസ് – പ്രതിഭാശാലിയായ ഒരു അത്ഭുത മനുഷ്യൻ’

ഞാൻ ഇന്ന് ഒരു ഭവനത്തിൽ പോയി ഒരു കുടുംബത്തെ സന്ദർശിച്ചു. അവരുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഏവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്.എരുമേലി ഗ്രാമപഞ്ചായത്തിലെ മുക്കൂട്ടുതറയ്ക്ക് സമീപമുള്ള വെൺകുറിഞ്ഞി എന്ന ഗ്രാമത്തിലെ, പുരയിടത്തിൽ ബിജു വർഗീസ് എന്ന വ്യക്തിയെ എനിക്ക് നേരത്തെ തന്നെ പരിചയമുണ്ട്. ‘പ്രതിഭാശാലിയായ ഒരു അത്ഭുത മനുഷ്യൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ട്ടം. ബിജുവിന്റെ ജീവിതം ഒരു ദുരന്തത്തിന്റെയും അതിൽനിന്നുള്ള അതിജീവനത്തിന്റെയും വിജയ ഗാഥയാണ്.22 വർഷങ്ങൾക്ക് മുൻപ്, ബിജുവിന്റെ ഇരുപത്തിയഞ്ചാം വയസിൽ സംഭവിച്ച ഒരു വാഹന അപകടത്തെ തുടർന്ന് നട്ടെല്ലിന് ഉണ്ടായ ക്ഷതം മൂലം അരയ്ക്ക് താഴേയ്ക്കു ചലനശേഷി ഇല്ലാതെ ജീവിതം വീൽ ചെയറിൽ തള്ളി നീക്കേണ്ടിവന്ന വ്യക്തി ആണ്. എങ്കിലും പ്രതിസന്ധികളിൽ തളരാത്ത മനസ്സുമായി അദ്ദേഹം തന്റെ ജീവിതം തിരികെ പിടിച്ചു. ഈ അവസ്ഥയിലും വലിയ കാഴ്ചപ്പാടോടുകൂടി ഉയരങ്ങൾ കീഴടക്കാനുള്ള ആഗ്രഹത്തിൽ, രാജ്യവും ലോകവും അംഗീകരിച്ച നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വമാണ് ബിജുവിന്റേത്. അദ്ദേഹം തന്റെ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയത് തന്നെപ്പോലുള്ളവർക്ക് എങ്ങനെ സ്വയം നിയന്ത്രിച്ചു വാഹനമോടിക്കാം എന്നതിൽ ആയിരുന്നു. അതിൽ അദ്ദേഹം വിജയം വരിച്ചു. പൂർണമായും കൈകൾകൊണ്ട് നിയന്ത്രിക്കാവുന്ന രീതിയിൽ കാറുകളിൽ ഭേദഗതി വരുത്തിയാണ് ഇത് സാധ്യമാക്കിയത്. ഇത്തരത്തിൽ ഓൾട്ടർ ചെയ്ത വാഹനങ്ങൾ നിരത്തിൽ ഓടിക്കുന്നതിനും, ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾക്ക് കൈകൊണ്ടു വാഹനം ഓടിക്കാൻ സാധിക്കുമെങ്കിൽ അവർക്ക് ലൈസെൻസ് എടുക്കന്നതിനുമുള്ള സർക്കാർ അംഗീകാരവും, ഒപ്പം താൻ വികസിപ്പിച്ച ഈ സാങ്കേതിക വിദ്യക്ക് പേറ്റന്റും നേടിയെടുക്കുകയും ചെയ്തു ബിജു. ഈ കണ്ടുപിടുത്തത്തിന് രാഷ്ട്രപതിയുടെ വരെ അംഗീകാരം ബിജുവിനെ തേടിയെത്തി. കൂടാതെ മറ്റു അനവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും.ഇപ്പോൾ ഞാൻ ഇദ്ദേഹത്തെ സന്ദർശിക്കാൻ ഇടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. പരാധീനതയുടെ നടുവിലും ഭാര്യക്കും ഏകമകനുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞിരുന്ന ബിജുവിന്റെ കുടുംബം ഇന്ന് വലിയ ഒരു പ്രതിസന്ധിയിലാണ്. മനുഷ്യസ്നേഹത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും പ്രതിരൂപമായി ബിജുവിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന ഇദ്ദേഹത്തിന്റെ സഹധർമിണി പ്രിയപ്പെട്ട ജൂബി ബ്രയിൻ ട്യൂമർ പിടിപെട്ട് കഴിഞ്ഞ 6 വർഷമായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ് . സർജറി, കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങി എല്ലാ ചികിത്സാരീതികളും പരീക്ഷിച്ചു എങ്കിലും രോഗം പൂർണമായി ഭേദമാക്കാൻ സാധിച്ചിട്ടില്ല. ബിജുവിന് താങ്ങും തണലുമായിരുന്ന ജീവിത സഖിയും രോഗശയ്യയിൽ ആയതോടെ ആ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും മങ്ങി തുടങ്ങി. ചികിത്സയ്ക്കും മറ്റുമായി വലിയ ഒരു തുക കണ്ടത്തേണ്ടി വന്നു. ഇത് അദ്ദേഹത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കും കടബാധ്യതയിലേയ്ക്കുമാണ് കൊണ്ടെത്തിച്ചത്. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തന്റെ വർക്ഷോപ്പിൽ നിന്നുള്ള വരുമാനം നിലച്ചത് മൂലം ഭാര്യയുടെ ചികിത്സയും , മറ്റുചിലവുകളും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ബാങ്ക് ലോൺ തിരിച്ചടവ് മുടങ്ങിയത് മൂലം ജപ്തി ഭീഷണിയിലാണ് ഈ കുടുംബം.ഈ കുടുംബത്തിന് കൈത്താങ്ങു ആകുവാൻ സുമനസ്സുകളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ കുടുംബത്തിന് എല്ലാവിധ പിന്തുണകളും, ആശംസയും പ്രാർത്ഥനകളും നേരുന്നു.(ബിജു വർഗീസ് -9447359094) അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡന്റ് ജില്ലാ പഞ്ചായത്ത്, കോട്ടയം