ബിനോയിയുടെ കൈകള്‍ ഇനി മനു ചലിപ്പിക്കും

കൈപ്പത്തികള്‍ മാറ്റിവയ്ക്കുന്നത് ഇന്ത്യയില്‍ ആദ്യം

binoyകൊച്ചി: കൈകള്‍ക്ക് ഒരേ നിറവും വലിപ്പവുമായിരിക്കണം, രക്തഗ്രൂപ്പും ഒന്നാകണം….. നൂലാമാലകള്‍ ഒരുപാടുണ്ടായിരുന്നു ആ ശസ്ത്രക്രിയയ്ക്ക്. പക്ഷേ, ആ കുടുംബത്തിന്റെ വാക്കുകള്‍ എല്ലാത്തിലും മേലെയായിരുന്നു. ‘രണ്ട് കൈയുമില്ലാത്ത ഒരാളുടെ വിഷമം ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകും. ഞങ്ങളുടെ ബിനോയിയുടെ കരളിനും വൃക്കകള്‍ക്കും കണ്ണിനുമൊപ്പം കൈപ്പത്തിയും എടുത്തോളൂ’. ഇന്ത്യയില്‍ തന്നെ ആദ്യത്തെ അപൂര്‍വ ശസ്ത്രക്രിയയ്ക്ക് അങ്ങനെ തുടക്കമാകുകയായിരുന്നു. ഞായറാഴ്ച കൂനമ്മാവ് മേസ്തിരിപ്പടിക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ച ചിത്രകാരന്‍ ബിനോയി(26)യുടെ കൈകള്‍ ഇനി തൊടുപുഴ സ്വദേശി മനു (30) ചലിപ്പിക്കും.

വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പില്‍ ഉത്തമന്റെ മകനായ ബിനോയിയുടെ കൈകളാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മനുവിന് വച്ചുപിടിപ്പിച്ചത്. ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ 16 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് ആസ്പത്രിയില്‍ നടന്നത്. കൈമുട്ടിന് താഴെ കൈവിരലുകളുള്‍പ്പെടെ കൈത്തണ്ടയുടെ മുകളിലായി ആറ് സെ.മീ. വരെയുള്ള ഭാഗമാണ് മനുവില്‍ തുന്നിച്ചേര്‍ത്തത്. മൈക്രോവാസ്‌കുലാര്‍, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോ വിഭാഗങ്ങളുടെ സംയുക്ത ശസ്ത്രക്രിയയാണ് നടന്നത്. പത്ത് മാസത്തോളം നീളുന്ന വിവിധ ചികിത്സകള്‍ക്ക് ശേഷം 90 ശതമാനത്തോളം മനുവിന് കൈകള്‍ ചലിപ്പിക്കാനാകും. ബിനോയ് വരാപ്പുഴ അന്ന ഗ്ലാസ് ഹൗസിലെ ഡിസൈനര്‍ കൂടിയാണ്. ബിനോയ് വരച്ച നിരവധി ചിത്രങ്ങള്‍ വീട്ടിലും കടയിലുമായുണ്ട്. 20 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന അച്ഛനെ കുളിപ്പിക്കുന്നതുള്‍പ്പെടെ ചെയ്തിരുന്നത് ബിനോയ്് ആയിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

ഞായറാഴ്ച സുഹൃത്തിനൊപ്പം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റായിരുന്നു മരണം. ആസ്പത്രി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ബിനോയിയുടെ അമ്മ ബേബിയും സഹോദരങ്ങളായ ബിജോയ്, അമല്‍ എന്നിവരും ആന്തരിക അവയവങ്ങളോടൊപ്പം കൈകളും ദാനം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മരിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ കൈകള്‍ ബിനോയിയില്‍ നിന്നെടുത്തു.

2013 മെയിലാണ് മലബാര്‍ എക്‌സ്പ്രസില്‍ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യംചെയ്ത തൊടുപുഴ കാളിയാര്‍ തൊമ്മന്‍കുത്ത് വണ്ണാമ്പ്ര സ്വദേശി രാജഗോപാല പിള്ളയുടെ മകന്‍ മനുവിനെ അന്യസംസ്ഥാനക്കാരെന്ന് സംശയിക്കുന്ന സംഘം ക്രൂരമായി മര്‍ദ്ദിച്ച് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. കൊല്ലൂര്‍ മൂകാംബികയിലേക്ക് പോവുകയായിരുന്നു മനു. കമ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന സ്ത്രീകളോട് അന്യസംസ്ഥാനക്കാരായ നാലംഗസംഘം മോശമായി പെരുമാറിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെതിരെ ഇടപെട്ട മനുവിനെ ഇവര്‍ മര്‍ദ്ദിച്ചവശനാക്കി പുറത്തേക്ക് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട് മനുവിന്റെ ഇരു കൈപ്പത്തികളും ചതഞ്ഞരഞ്ഞു. ഇരു കൈപ്പത്തികളും മുറിച്ചുമാറ്റേണ്ടിവന്നു. ഇതുവരെ അക്രമികളെ കണ്ടെത്താനായിട്ടില്ല.

കൈപ്പത്തികള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യവുമായി മനു അമൃത ആസ്പത്രിയിലെത്തി. എന്നാല്‍ അവയവം ദാനം ചെയ്യാനെത്തുന്ന നിരവധി പേരുടെ കുടുംബാംഗങ്ങളെ സമീപിച്ചെങ്കിലും ബാഹ്യ അവയവം ദാനം ചെയ്യുന്നതില്‍ പലരും വിമുഖത കാണിച്ചുവെന്ന് ആസ്പത്രി അധികൃതര്‍ പറയുന്നു. ഇതിനിടെയാണ് വരാപ്പുഴ സ്വദേശി ബിനോയിയുടെ കുടുംബം സമ്മതം മൂളിയത്.